
ന്യൂഡല്‍ഹി: പുതിയ എസ് യുവിയായ ഇന്‍വിക്ടോ പുറത്തിറക്കിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഓഹരി ബുധനാഴ്ച 4 ശതമാനം ഉയര്‍ന്നു. 10,000 രൂപ മറികടക്കാനും സ്റ്റോക്കിനായി.10,036.95 രൂപയാണ് ഓഹരിയുടെ ഇന്‍ട്രാഡേ ഉയരം.
പുതിയ മോഡലിലൂടെ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തില്‍ ചുവടുറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പ്രീമിയം മൂന്നു നിര വിഭാഗത്തിലേക്കുള്ള മാരുതിയുടെ പ്രവേശനത്തെ ഇന്‍വിക്ടോ അടയാളപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം,15-20 ലക്ഷം രൂപ വിഭാഗത്തില്‍ കമ്പനി വെന്നിക്കൊടി പാറിച്ചിരുന്നു.
പുതിയ കാറിന്റെ 7 സീറ്റര്‍ മോഡലിന് 24.79 ലക്ഷം രൂപ തൊട്ടും 8 സീറ്റര്‍ മോഡലിന് 24.84 ലക്ഷം രൂപ തൊട്ടുമാണ് വില ആരംഭിക്കുന്നത്. ഇതിനോടകം 6200 ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അറിയിക്കുന്നു. 3.55 ശതമാനം ഉയര്‍ന്ന് 9990 രൂപയിലാണ് മാരുതി സ്റ്റോക്ക് എന്‍എസ്ഇയില്‍ ക്ലോസ് ചെയ്തത്.
മൂന്ന് മാസത്തിനിടെ ഓഹരി 18 ശതമാനം ഉയര്‍ന്നു.