
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാംപാദഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് മാരുതി സുസുക്കി ഇന്ത്യ. 2351 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. 1873 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് അറ്റാദായം ഇരട്ടിയിലധികം വളര്‍ന്നു. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം ഉയര്‍ത്തി 29,044 കോടി രൂപയാക്കാനുമായി. 27162 കോടി രൂപ വരുമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്.
തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 14 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം വരുമാനം 3 ശതമാനം താഴ്ച വരിച്ചു. എബിറ്റ 82 ശതമാനമുയരുന്നതിനും ഡിസംബറിലവസാനിച്ച പാദം സാക്ഷിയായി.
പ്രവര്‍ത്ത മാര്‍ജിന്‍ 304 ബേസിസ് പോയിന്റ് കൂടി 9.75 ശതമാനമായി. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് മാര്‍ജിന്‍ 9.5 ശതമാനത്തില്‍ കൂടുന്നത്. അസംസ്‌കൃത വസ്തുവിലവര്‍ധനവിന് ശമനമുണ്ടായ പാദം കൂടിയായിരുന്നു ഡിസംബറിലേത്.
അസംസ്‌കൃത വസ്തുക്കളുടെ വില അറ്റ വില്‍പനയുടെ 310 ബേസിസ് പോയിന്റായാണ് കുറഞ്ഞത്. മൊത്തം 465,911 വാഹനങ്ങളാണ് കമ്പനി വില്‍പന നടത്തിയത്. ആഭ്യന്തര വിപണിയില്‍ 403,926 യൂണിറ്റുകളും അന്തര്‍ദ്ദേശീയ വിപണിയില്‍ 61,982 യൂണിറ്റുകളും.
ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഈ പാദത്തില്‍ ഏകദേശം 46,000 വാഹനങ്ങളുടെ ഉത്പാദനത്തെ ബാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍. അറ്റവില്‍പ്പന 27,849 കോടി രൂപയുടേതാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റ വില്‍പ്പന 22,187 കോടി രൂപ..
പ്രവര്‍ത്തന ലാഭം 2,123 കോടി രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തികവര്‍ഷം സമാന പാദത്തില്‍ ഇത് 919 കോടി രൂപയായിരുന്നു. എക്കാലത്തേയും ഉയര്‍ന്ന വില്‍പന, കയറ്റുമതി നടത്താനും കലണ്ടര്‍വര്‍ഷം 2022 ല്‍ വാഹന നിര്‍മ്മാതാവിനായി.
1,940,067 യൂണിറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ 263,068 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് മാരുതി സുസുക്കി 2022 ല്‍ കൈവരിച്ചത്.