
മുംബൈ: 2022 സെപ്റ്റംബറിൽ മാരുതി സുസുക്കി ഇന്ത്യയുടെ വാഹന ഉൽപ്പാദനം ഇരട്ടിയായി വർധിച്ച് 1,77,468 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി മൊത്തം 81,278 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചിരുന്നു.
അതേസമയം ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഈ മാസത്തെ വാഹനങ്ങളുടെ ഉൽപ്പാദനത്തെ ചെറിയ തോതിൽ ബാധിച്ചതായും. ഈ ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിച്ചതായും മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്തം പാസഞ്ചർ വാഹനങ്ങളുടെ ഉത്പാദനം 1,73,929 യൂണിറ്റായിരുന്നു. അതിൽ മാരുതിയുടെ പാസഞ്ചർ കാർ ഉൽപ്പാദനം ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 47,884 യൂണിറ്റിൽ നിന്ന് 1,31,258 യൂണിറ്റായി ഉയർന്നു.
അവലോകന കാലയളവിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 29,811 യൂണിറ്റായിരുന്നപ്പോൾ, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ സൂപ്പർ കാരിയുടെ ഉൽപ്പാദനം 3,539 യൂണിറ്റായിരുന്നതായി മാരുതി സുസുക്കി ഇന്ത്യ കൂട്ടിച്ചേർത്തു.