അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ബൈജൂസിനെ ഏറ്റെടുക്കാൻ മണിപ്പാൽ ഗ്രൂപ്പ് മാത്രം

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംഇ) മാത്രം രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ (ടിഎൽപിഎൽ) വിറ്റഴിക്കാനുള്ള നടപടികളിൽ മണിപ്പാൽ ഗ്രൂപ്പാണ് താൽപര്യപത്രം സമർപ്പിച്ച ഏക കമ്പനി.

സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ട് കടം തിരിച്ചടയ്ക്കാൻ പറ്റാതായതോടെ നിലവിൽ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഉത്തരവുപ്രകാരം പാപ്പരത്ത (ബാങ്ക്റപ്റ്റ്സി) നടപടി നേരിടുകയാണ് ബൈജൂസ്.

ഇതനുസരിച്ച് നിയമിതനായ റസൊല്യൂഷൻ പ്രഫഷനൽ (ആർപി) ശൈലേന്ദ്ര അജ്മേറയാണ് ഓഹരി വിൽപന നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഓഹരികൾ ഏറ്റെടുക്കാനുള്ള താൽപര്യപത്രം (ഇഒഐ) സമർപ്പിക്കാൻ നവംബർ 13വരെ സമയം അനുവദിച്ചിരുന്നു. മണിപ്പാൽ ഗ്രൂപ്പ് മാത്രമേ രംഗത്തുള്ളൂ.

താൽപര്യപത്രം സമർപ്പിച്ചതുകൊണ്ടുമാത്രം ബൈജൂസ് മണിപ്പാൽ ഗ്രൂപ്പിന് സ്വന്തമാകില്ല. ഓഹരി ഏറ്റെടുക്കാൻ യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച് ആർപി പിന്നീട് അന്തിമ പട്ടിക പുറത്തിറക്കും. തുടർന്നായിരിക്കും വിൽപന നടപടികൾ.

അതേസമയം, യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി)-2016 പ്രകാരം സെക്ഷൻ 29എ കൂടി ഉൾക്കൊള്ളിച്ചുള്ള താൽപര്യപത്രമാണ് മണിപ്പാൽ ഗ്രൂപ്പ് സമർപ്പിച്ചത്. ഇതു രണ്ടാംതവണയാണ് മണിപ്പാൽ ഗ്രൂപ്പ് താൽപര്യപത്രം സമർപ്പിച്ചതും.

ഇതുവഴി തിങ്ക് ആൻഡ് ലേണിന്റെ സാമ്പത്തികക്കണക്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മണിപ്പാൽ ഗ്രൂപ്പിന് ഓഹരി ഏറ്റെടുക്കുംമുൻപ് പരിശോധനകൾക്കായി ലഭിച്ചേക്കും.

കോവിഡ് കാലത്താണ് ബൈജൂസ് വളർച്ചയുടെ പുതിയ പടവുകൾ ചവിട്ടിക്കയറിയത്. എഡ്ടെക് രംഗത്ത്, ഇന്ത്യയിലെയും വിദേശത്തെയും എതിരാളികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഏറ്റെടുത്ത് ബൈജൂസ് വളർന്നു. ഒരുഘട്ടത്തിൽ കമ്പനിയുടെ മൂല്യം റെക്കോർഡ് 22 ബില്യൻ ഡോളറിലുമെത്തിയിരുന്നു. ഇന്നത്തെ വിനിമയനിരക്ക് പ്രകാരം ഏകദേശം 1.9 ലക്ഷം കോടി രൂപ.

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഫോബ്സിന്റെ ശതകോടീശ്വര പട്ടികയിലും ഉൾപ്പെട്ടിരുന്നു. എന്നാൽ, കമ്പനിയുടെ ഭരണതലത്തിലെയും ധനകാര്യ മാനേജ്മെന്റിലെയും വീഴ്ചകളും തലപ്പത്തുനിന്നുള്ള പ്രമുഖരുടെ അപ്രതീക്ഷിത രാജികളും ബൈജൂസിന് പിന്നീട് തിരിച്ചടിയായി. കമ്പനിയിൽ നിക്ഷേപം നടത്തിയ പല വിദേശ നിക്ഷേപസ്ഥാപനങ്ങളും മൂല്യം പൂജ്യത്തിലേക്കുവരെ വെട്ടിക്കുറച്ചതും ആഘാതമായി.

അതേസമയം, ബൈജൂസിന് ഏറ്റെടുക്കേണ്ടത് മണിപ്പാൽ ഗ്രൂപ്പിന് നിർണായകവുമാണ്. കാരണം, ബൈജൂസിന്റെ ഉപസ്ഥാപനവും പ്രവർത്തനത്തിൽ മികവ് പുലർത്തുന്ന കമ്പനിയുമായ ആകാശ് എജ്യുക്കേഷനൽ സർവീസസിൽ നിലവിൽ 58% ഓഹരി പങ്കാളിത്തം മണിപ്പാൽ ഗ്രൂപ്പിനുണ്ട്.

ബൈജൂസിന്റെ ഓഹരി പങ്കാളിത്തം 25%. ഈ 25% ഉൾപ്പെടെ കൂടുതൽ ഓഹരികൾ കൂടി സ്വന്തമാക്കി ആകാശിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കാനും കമ്പനിയെ മണിപ്പാലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം ചേർക്കാനുമാണ് ഡോ.രഞ്ജൻ പൈ ഉന്നമിടുന്നത്.

X
Top