
തിരുവനന്തപുരം: സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക് സന്ദര്‍ശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ പ്രമുഖരുമായും സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായും സംവദിച്ചു. ടെക്നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) എയര്‍ മാര്‍ഷല്‍ മനീഷ് ഖന്നയെ സ്വീകരിക്കുകയും സംസ്ഥാനത്തിന്‍റെ ഐടി മേഖലയെക്കുറിച്ചും കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണിനെക്കുറിച്ചും (കെ-ഡിസ്) അവതരണം നടത്തുകയും ചെയ്തു. സ്റ്റാഫ് ഓഫീസര്‍ സ്ക്വാഡ്രണ്‍ ലീഡര്‍ അര്‍ച്ചന സിങ്ങും സന്ദര്‍ശനത്തിന്റെ ഭാഗമായി.
ഇന്ത്യയിലെ ഏറ്റവും ഡിജിറ്റല്‍ ശാക്തീകരണമുള്ള സംസ്ഥാനമായി കേരളം നിലകൊള്ളുന്നുവെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) അവതരണത്തില്‍ പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, അത്യാധുനിക ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ലോകോത്തര സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാരുടെ വലിയ ശൃംഖല എന്നിവ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒത്തുചേരുന്നു. കെ-ഡിസ് ശക്തമായ വ്യവസായ-അക്കാദമിക-സായുധ സേനാ ബന്ധം സാധ്യമാക്കുന്നതിലൂടെ പ്രതിരോധ നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാന്‍ കേരളം തയ്യാറായിട്ടുണ്ട്.
നമ്മുടെ സേനകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇന്നൊവേറ്റേഴ്സ് ആഴത്തില്‍ മനസ്സിലാക്കുകയും ഐഡിഇഎക്സ്, ടിഡിഎഫ് പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ പ്രതിരോധ, എയ്റോസ്പേസ് കമ്പനികളെ ആകര്‍ഷിക്കുന്ന മുന്‍നിര കേന്ദ്രമായി സംസ്ഥാനത്തിന് ഉയര്‍ന്ന് വരാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ ശക്തിയില്‍ മതിപ്പ് പ്രകടിപ്പിച്ച എയര്‍ മാര്‍ഷല്‍ ഖന്ന വ്യവസായ നേതാക്കള്‍ ഉന്നയിച്ച സഹകരണ സാധ്യതകളോട് സജീവമായി പ്രതികരിക്കുകയും ചെയ്തു.
എയ്റോസ്പേസ്, പ്രതിരോധ മേഖലകളുമായി ഇടപഴകുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യോമസേന ഗണ്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എയ്റോസ്പേസ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും മാര്‍ഗനിര്‍ദേശം, ഉപഭോക്തൃ കാഴ്ചപ്പാടുകള്‍, പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ എന്നിവയ്ക്കായി റീജിയണല്‍ എയ്റോസ്പേസ് ഇന്നൊവേഷന്‍ ഡിവിഷനുമായി (ആര്‍എഐഡി) ബന്ധപ്പെടാം. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബലില്‍ പാനലിസ്റ്റായി ആര്‍എഐഡിയില്‍ നിന്നുള്ള ഐഎഎഫ് ഉദ്യോഗസ്ഥന്‍ പങ്കെടുക്കുമെന്ന് എയര്‍ മാര്‍ഷല്‍ ഖന്ന പറഞ്ഞു. ഇതില്‍ എയ്റോസ്പേസ് ഡിസൈന്‍, നവീകരണം, തദ്ദേശീയവത്കരണം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുകയും സഹകരണത്തിനുള്ള ഉയര്‍ന്ന് വരുന്ന അവസരങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആശയവിനിമയത്തിനിടെ ഐഎഎഫ് നേരിടുന്ന വെല്ലുവിളികളും വ്യവസായ പ്രതിനിധികളാട് അദ്ദേഹം പങ്കുവച്ചു.






