
വലപ്പാട്: പ്രമുഖ ബാങ്കിംഗ് ഇതര ധന കാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ വായ്പയില്‍ വന്‍ വളര്‍ച്ച നേടി. മുന്‍വര്‍ഷത്തേക്കാള്‍ 58.15 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. രണ്ടു രൂപ മുഖ വിലയുള്ള ഓരോ ഓഹരിക്കും 0.50 രൂപ (25 ശതമാനം) ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാം പാദത്തില്‍ 38,754.29 കോടി രൂപയുടെ സ്വര്‍ണ്ണ വായ്പ നല്‍കി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 24,504.30 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്നത് 52,125.31 കോടി രൂപയുടെ ആസ്തിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 44217.40 കോടി രൂപയുടേതായിരുന്നു. 17.88 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. മൊത്തം ആസ്തിയുടെ 28.74 ശതമാനം സ്വര്‍ണ്ണം ഒഴികെയുള്ള ഇടപാടുകളിലൂടെയാണ്.
പ്രവര്‍ത്തന ലാഭം 8.07 ശതമാനം കുറഞ്ഞ് 2353.14 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ലാഭം 2559.72 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള ലാഭം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 278.46 കോടി രൂപയായിരത് ഈ വര്‍ഷം 238.54 കോടി രൂപയായി കുറഞ്ഞു. കമ്പനിക്ക് ഇപ്പോള്‍ 5,351 ബ്രാഞ്ചുകളും 43,044 ജീവനക്കാരുമുണ്ട്.
മൂന്നാം പാദ ഫലങ്ങള്‍ ക്രമമായ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും എന്‍ബിഎഫ്‌സികള്‍ക്കിടയില്‍ മത്സരം വര്‍ധിക്കുമ്പോഴും ഉറച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ വിശ്വാസത്തിന്റേയും സ്വര്‍ണ്ണ വില വര്‍ധനയുടേയും പിന്തുണ സ്വര്‍ണ്ണ വായ്പാ ബിസിനസിന് അനുകൂലമാണ്. മറ്റു വിഭാഗങ്ങളിലും ക്രമമായ വളര്‍ച്ച രേഖപ്പെടുത്തി. ആസ്തി ഗുണ നിലവാരം, റിസ്‌കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പുലര്‍ത്തുന്ന അച്ചടക്കം എന്നീ ഘടകങ്ങള്‍ മണപ്പുറം ഫിനാന്‍സിനെ വേറിട്ടു നിര്‍ത്തുന്നു.
സാമ്പത്തിക വര്‍ഷം അവസാന പാദത്തിലേക്കു നീങ്ങുമ്പോള്‍, സുസ്ഥിര വളര്‍ച്ച നില നിര്‍ത്തുകയും ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയുമാണ് ലക്ഷ്യം.






