
കൊച്ചി: അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി മലയാളി. തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുല്‍ കരീമിനെയാണ് അര്‍ക്കന്‍സസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി (അര്‍ക്കന്‍സസ് ട്രാവലര്‍) അര്‍ക്കന്‍സസ് ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്‌സ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ്, പ്രസിഡന്റ് റൊണാള്‍ഡ് റൈഗന്‍, നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മുന്‍കാലങ്ങളില്‍ ഈ ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ കവയിത്രിയും എഴുത്തുകാരിയും സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ, ബോക്‌സര്‍ മുഹമ്മദ് അലി, ടെന്നീസ് ഇതിഹാസം ആര്‍തര്‍ ആഷെ, കണ്‍ട്രി മ്യൂസിക് സൂപ്പര്‍സ്റ്റാര്‍ ഗാര്‍ത്ത് ബ്രൂക്‌സ്, ഇതിഹാസ ഹാസ്യനടന്‍ ബോബ് ഹോപ്പ്, ഐബിഎമ്മിന്റെ സഹസ്ഥാപകനായ തോമസ് ജെ. വാട്‌സണ്‍ എന്നിവരും ഈ പദവി അലങ്കരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നാലെയാണ് ഒരു ഇന്ത്യക്കാരന്‍ ഈ പദവിയില്‍ എത്തുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ‘പ്രകൃതി സംസ്ഥാനം’ എന്നറിയപ്പെടുന്ന അര്‍ക്കന്‍സാസിന് ആഗോളതലത്തില്‍ മികച്ച ബന്ധങ്ങള്‍ വളര്‍ത്തുകയെന്നതാണ് ഗുഡ്‌വില്‍ അംബാസിഡറുടെ പ്രധാന ദൗത്യം. അര്‍ക്കന്‍സസിന്റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും നിലപാടുമെല്ലാം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനുള്ളിലും മറ്റു രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതിനും അധികാരപ്പെടുത്തിക്കൊണ്ടുള്ളതാണ് താഹാ അബ്ദുള്‍ കരീമിന്റെ നിയമനം. അര്‍ക്കന്‍സാസ് ഗുഡ്‌വില്‍ അംബാസിഡറായി നിയമനം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് താഹാ മുഹമ്മദ് അബ്ദുല്‍ കരീം പറഞ്ഞു. അര്‍ക്കന്‍സാസിന്റെ മൂല്യങ്ങളെയും സൗന്ദര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ മഹത്തായ സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

23 വര്‍ഷമായി ബിസിനസ് കണ്‍സള്‍ട്ടിംഗ്, റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ട്രേഡിംഗ്, സ്ട്രാറ്റജിക് അഡൈ്വസര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന താഹാ അബ്ദുള്‍ കരിം നിലവില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ പ്രത്യേക ഉപദേഷ്ടാവാണ്. കൂടാതെ ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ മാസ്‌കര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡ് അഡൈ്വസറുമാണ്. വൈവിധ്യമാര്‍ന്ന ബിസിനസ്സ് കൂട്ടായ്മയായ വത്‌നാന്‍ ഹോള്‍ഡിംഗിന്റെ കണ്‍സള്‍ട്ടന്റും കൂടിയാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, സ്റ്റാന്‍ഫോര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, എംഐടി, വാര്‍ട്ടണ്‍, കേംബ്രിഡ്ജ്, ലണ്ടന്‍ സ്‌കുള്‍ ഓഫ് ഇക്കണോമിക്‌സ്, കൊളംബിയ, ഹെന്‍ലി, ഐഐഎം അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും സ്വന്തമാക്കിയിട്ടുള്ള താഹ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ജിസിസിയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ ക്ലബ്ബിന്റെ സെക്രട്ടറിയും ക്ലബ്ബിന്റെ ബോര്‍ഡ് പ്രതിനിധിയും ഖത്തര്‍ കണ്‍ട്രി ഹെഡും ആയ താഹ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐബിപിസി), ഖത്തറിന്റെ പ്രസിഡന്റുംകൂടിയാണ്.