
കോഴിക്കോട്: പ്രമുഖ ജുവലറി ബ്രാൻഡായ മലബാർ ഗോൾഡിന്റെ ആഗോള വിപണിയിലെ വാർഷിക വിറ്റുവരവ് 51,218 കോടി രൂപയായി ഉയർന്നു. മൂന്ന് പതിറ്റാണ്ടിനിടെയാണ് കേരളം ആസ്ഥാനമായ ഒരു ജുവലറി ബ്രാൻഡ് ആഗോള തലത്തിൽ അത്ഭുതകരമായ നേട്ടം കൈവരിച്ചത്.
ആഗോള തലത്തിൽ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെ ലോകമൊട്ടാകെ ബ്രാൻഡിന് വിശാലമായ റീട്ടെയിൽ വിപുലീകരണ പദ്ധതിയാണുള്ളത്. നിലവിൽ 13 രാജ്യങ്ങളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് 345 ഷോറൂമുകളുണ്ട്.
യൂറോപ്പിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വിപുലീകരണത്തിന് ഒരുങ്ങുകയാണ്. യു.എസ്, കാനഡ, യു.കെ, ആസ്‌ട്രേലിയ എന്നിങ്ങനെ നിലവിലുള്ള രാജ്യങ്ങളിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.
ഒരു വർഷത്തിനുള്ളിൽ പുതിയ 100 ഷോറൂമുകൾ കൂടി ആരംഭിക്കും. ഇതിനായി 7000 ജീവനക്കാരെ അധികമായി നിയമിക്കും.
ജാർഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
യു. എ. ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റിൻ, സിംഗപ്പൂർ, മലേഷ്യ, യു. എസ്. എ, കാനഡ, യു കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഷോറൂമുകളുള്ളത്.
ഉത്തരവാദിത്ത ജുവലറിയെന്ന മഹത്തായ സ്ഥാനം കാത്തസൂക്ഷിച്ചാണ് മുന്നോട്ടു പാേകുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.