
മുംബൈ: 1961-ല്‍ രാജ്യത്തു നടപ്പാക്കിയ ആദായനികുതി നിയമങ്ങള്‍ക്കു പകരമായി ഭാഷ ലളിതമാക്കിയും നടപടിക്രമങ്ങള്‍ കുറച്ചും മാറ്റങ്ങള്‍ വരുത്തി പുതിയ ആദായനികുതി ബില്‍ 2025 ലോക്സഭ കടന്നിരിക്കുന്നു.
പാർലമെന്റിന്റെ സെലക്‌ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വ്യക്തതയോടെയാണ് പുതിയ ബില്‍ ധനമന്ത്രി നിർമലാ സീതാരാമൻ പാസാക്കിയെടുത്തത്. പുതിയ ബില്ലിനുമുകളില്‍ ചർച്ചകളുണ്ടായില്ലെന്നത് പോരായ്മയാണ്.
പുതിയ ബില്ലിലെ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങള്‍
കണക്കെടുപ്പു വർഷം, മുൻവർഷം തുടങ്ങിയവ ഒഴിവാകും. ഇനി ‘നികുതി വർഷം’ മാത്രം.
ആദായനികുതി പരിശോധനകളില്‍ ആരോപണവിധേയന്റെ കംപ്യൂട്ടർ സംവിധാനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനു തുറന്നു പരിശോധിക്കാൻ അധികാരം. നികുതി അധികാരികള്‍ക്ക് വാതിലുകള്‍, ബോക്സ്, ലോക്കർ, സേഫ്, അലമാര മുതലായവയുടെ പൂട്ട് സ്വമേധയാ തുറന്നു പരിശോധിക്കാം.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് കാലതാമസം വന്നാലും റീഫണ്ടിന് അവകാശമുന്നയിക്കാം. വ്യക്തിഗത ആദായനികുതിദായർക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് തീരുമാനം
സ്രോതസ്സിലെ നികുതി സംബന്ധിച്ച തിരുത്തല്‍ സത്യവാങ്മൂലം നല്‍കാനുള്ള സമയപരിധി ആറുമാസമായി ചുരുക്കി. പഴയ നിയമത്തില്‍ രണ്ടുവർഷംവരെ സമയം നല്‍കിയിരുന്നു.
താമസിക്കുന്ന വീടുള്‍പ്പെടെ പ്രോപ്പർട്ടി ടാക്സ് നടപടിക്രമം, പെൻഷൻ നികുതിയിളവ് എന്നിങ്ങനെയുള്ള കാര്യങ്ങളിലുണ്ടായിരുന്ന അവ്യക്തത നീക്കി
അനാവശ്യവും ആവർത്തിച്ചുള്ളതുമായ ചട്ടങ്ങള്‍ ഒഴിവാക്കി.
വകുപ്പുകള്‍ അക്ഷരങ്ങള്‍ ഉപയോഗിച്ചു തിരിക്കുന്നതിനു പകരം തുടർച്ചയായ നമ്ബർ നല്‍കി.
ഡിജിറ്റല്‍ ആസ്തികളും ഡിജിറ്റല്‍ ഇടപാടുകളും ഓണ്‍ലൈൻ വഴിയുള്ള വരുമാനവും ആദായനികുതിയുടെ ഭാഗമായി.
പെൻഷനും ഗ്രാറ്റുവിറ്റിയും ഒരുമിച്ച് (കമ്യൂട്ടഡ് പെൻഷൻ) കുടുംബാംഗങ്ങള്‍ക്കു ലഭിക്കുമ്ബോഴുള്ള നികുതിയിളവു സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൊണ്ടുവന്നു
നഷ്ടം അടുത്തവർഷത്തേക്ക് നികുതിയിളവിനായി കാരി ഫോർവേഡ് ചെയ്യാനും മത ട്രസ്റ്റുകള്‍ക്കു ലഭിക്കുന്ന അജ്ഞാത സംഭാവനകള്‍ക്ക് നികുതിയിളവു നല്‍കാനുമുള്ള വ്യവസ്ഥകള്‍ നിലനിർത്തി
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൂക്ഷ്മ- ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്‌എംഇ) നികുതിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലളിതമാക്കി
ആദായനികുതി നിയമത്തിലെ വകുപ്പുകള്‍ കുറഞ്ഞു. 1961-ലെ ബില്ലില്‍ 700-ലധികം വകുപ്പുകള്‍. പുതിയതില്‍ 536 എണ്ണം മാത്രം. അധ്യായങ്ങളില്‍ മാറ്റമില്ല. 23 എണ്ണം. ഷെഡ്യൂളുകള്‍ 14-ല്‍നിന്ന് 16 ആയി കൂടി. പേജ് 823-ല്‍നിന്ന് 622 ആയി കുറഞ്ഞു
പ്രാബല്യത്തിലാവുക 2026 ഏപ്രില്‍ ഒന്നു മുതല്‍.