
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ൽ 2025ന്റെ ആദ്യപകുതിയിൽ (ജനുവരി-ജൂൺ) രേഖപ്പെടുത്തിയത് 9.1% വളർച്ചയോടെ 127 മില്യൻ ഡോളർ ലാഭം (ഏകദേശം 1,200 കോടി രൂപ).
ഏപ്രിൽ-ജൂൺപാദ ലാഭം 1.8% ഉയർന്ന് 57 മില്യൻ ഡോളറിലുമെത്തി (500 കോടി രൂപ). വരുമാനം ആദ്യപകുതിയിൽ 5.9% ഉയർന്ന് 4.09 ബില്യൻ ഡോളറും (36,000 കോടി രൂപ) ജൂൺപാദത്തിൽ 4.6% വർധിച്ച് 2.01 ബില്യൻ ഡോളറുമാണ് (18,000 കോടി രൂപ).
മികച്ച പ്രവർത്തനഫലത്തിന്റെ കരുത്തിൽ ഓഹരി ഉടമകൾക്ക് ലുലു റീട്ടെയ്ൽ 98.4 മില്യൻ ഡോളർ (867 കോടി രൂപ) ലാഭവിഹിതവും (ഡിവിഡൻഡ്) പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 3.5 ഫിൽസ് വീതമാണ് ലാഭവിഹിതം. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) 1.21 ദിർഹം വിലയിലാണ് നിലവിൽ ലുലു റീട്ടെയ്ൽ ഓഹരികളുള്ളത്.
∙ ലുലു ഗ്രൂപ്പ് 2025ൽ ആദ്യപകുതിയിൽ 7 പുത്തൻ സ്റ്റോറുകൾ തുറന്നു. ഈ വർഷം പുതുതായി 9 സ്റ്റോറുകൾ കൂടി തുറക്കും.
∙ ഇ-കൊമേഴ്സ് വിഭാഗം ജൂൺപാദത്തിൽ 43.4% വിൽപനവളർച്ച സ്വന്തമാക്കി. 108 മില്യൻ ഡോളറാണ് വരുമാനം. ഏകദേശം 950 കോടി രൂപ. മൊത്തം റീട്ടെയ്ൽ വരുമാനത്തിന്റെ 5.6% വരുന്നത് ഇ-കൊമേഴ്സിൽ നിന്ന്.
യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ലുലു റീട്ടെയ്ൽ കൂടുതൽ വരുമാനം സ്വന്തമാക്കുന്നത്. ലുലുവിന്റെ ഏറ്റവും വലയ വിപണിയായ യുഎഇ ജൂൺപാദത്തിൽ 9.4% വരുമാന വളർച്ച കുറിച്ചു. 3.8 ശതമാനമാണ് സൗദി രേഖപ്പെടുത്തിയത്. കുവൈറ്റ് 4.9%, ഖത്തർ 0.1% എന്നിങ്ങനെയും വളർന്നു. ഒമാനിൽ നിന്നുള്ള വരുമാനം 1% കുറഞ്ഞു.
∙ പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ അഥവാ പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം 2025ന്റെ ജൂൺപാദത്തിൽ 7.6% വർധിച്ചത് കമ്പനിക്ക് വൻ നേട്ടമാണ്. ലാഭമാർജിൻ 0.28 ശതമാനവും മെച്ചപ്പെട്ടു.
ലുലു റീട്ടെയ്‍ലിന് ജിസിസി രാഷ്ട്രങ്ങളിലായി ആകെ 256 സ്റ്റോറുകളുണ്ട്.
കമ്പനിയുടെ ഈ വർഷത്തെ ആദ്യപകുതിയിലെ മൊത്തം ലാഭത്തിന്റെ 78 ശതമാനമാണ് ലാഭവിഹിതമായി നലൽകുന്നത്. ഓഗസ്റ്റ് 22 ആണ് റെക്കോർഡ് തീയതി. അതായത്, ഓഗസ്റ്റ് 22പ്രകാരം ലുലു റീട്ടെയ്ൽ ഓഹരികൾ കൈവശമുള്ളവരാണ് ലാഭവിഹിതത്തിന് അർഹർ.
ജിസിസിയിൽ ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ നേട്ടം ലഭിക്കുമെന്നും ചെയർ എം.എ. യൂസഫലി പറഞ്ഞു.