
അബുദാബി: ചൈനയുമായുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎഇയിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണി ലഭ്യമാക്കി ലുലു. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പല്‍ പീപ്പിള്‍സ് ഗവണ്മെന്റ് വൈസ് മേയര്‍ ഷാവോ ചുന്‍ഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പര്‍ മാര്‍ക്കെറ്റുകളും സന്ദര്‍ശിച്ചു.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണി ലഭ്യമാക്കും.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപവാല, ഷെജിയങ് കമ്മോഡിറ്റി സിറ്റി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഗോങ് ഷെങ്ഹാവോ എന്നിവര്‍ ചേര്‍ന്ന് ഒപ്പുവച്ചു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി മികച്ച ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി സാധ്യതയാണ് ലുലു നല്‍കിവരുന്നതെന്നും ഇത് വിപുലമാക്കുന്നതിന്റെ ഭാഗമാണ് പുതിയ ധാരണാപത്രമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി വ്യക്തമാക്കി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് യിവുവില്‍ നിന്നുള്ളവയ്ക്ക് മികച്ച വിപണി ലഭ്യമാക്കുന്ന ലുലുവിന്റെ നീക്കം പ്രശംസനീയമെന്ന് വൈസ് മേയര്‍ ഷാവോ ചുന്‍ഹോങ് പറഞ്ഞു.
ഹോങ്കോങ്, ഗുവാങ്‌ഷോ, യിവു, ഫുജിയന്‍ എന്നിവിടങ്ങളിലായി 25 വര്‍ഷത്തില്‍ അധികമായി ലുലു പ്രവര്‍ത്തിക്കുന്നുണ്ട്. 300ല്‍ അധികം ചൈനീസ് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. 250 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതിയാണ് ചൈനയില്‍ നിന്ന് ജിസിസിയിലേക്ക് ലുലു നടത്തുന്നത്.