ബാംഗ്ലൂർ: കർണാടകയിൽ നാല് ഷോപ്പിംഗ് മാളുകൾ, ഹൈപ്പർ മാർക്കറ്റ്, കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാൻ 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായി കരാർ ഒപ്പിട്ട് അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്. നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരം, നിയമങ്ങൾ, ചട്ടങ്ങൾ, നയങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതികളും, അംഗീകാരങ്ങളും നേടുന്നതിന് സംസ്ഥാന സർക്കാർ ലുലു ഗ്രൂപ്പിനെ സഹായിക്കും.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയിൽ വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ എ വി അനന്ത് രാമനും കരാറിൽ ഒപ്പുവച്ചു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ കമ്പനികളുടെയും ഒരു ശൃംഖല പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ പ്രധാനമായും “ലുലു ഹൈപ്പർമാർക്കറ്റ്” എന്ന പേരിലുള്ള ഹൈപ്പർമാർക്കറ്റുകളുടെ അന്താരാഷ്ട്ര ശൃംഖല പ്രവർത്തിപ്പിക്കുന്നു.