
ന്യൂഡല്‍ഹി: അദാനിഗ്രൂപ്പ് പ്രതിസന്ധി പൊതുമേഖല ബാങ്കുകള്‍ക്കൊപ്പം എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) പോലുള്ള സ്ഥാപനങ്ങളേയും ആശങ്കയിലാഴ്ത്തിയിരുന്നു. അദാനി ഗ്രൂപ്പില്‍ എല്‍ഐസിയ്ക്ക് വലിയ തോതില്‍ നിക്ഷേപമുള്ളതാണ് കാരണം. ഇതോടെ അദാനി ഓഹരികള്‍ക്കൊപ്പം എല്‍ഐസി ഓഹരികളും കൂപ്പുകുത്തി.
അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 കമ്പനികളില്‍ ഏഴിലും എല്‍ഐസിയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിലെ 1.28 ശതമാനം മുതല്‍ അദാനി പോര്‍ട്ട്‌സ് & സെസ് ലിമിറ്റഡിലെ 9.14 ശതമാനം വരെയാണ് ഓഹരി പങ്കാളിത്തം.ജനുവരി 24-ന് യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അപകീര്‍ത്തികരമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടത്.
തുടര്‍ന്ന് ഒരാഴ്ച മുമ്പ് എല്‍ഐസിയുടെ നിക്ഷേപം നെഗറ്റീവ് ആയി. 30,127 കോടിയുടെ വാങ്ങല്‍ വിലയ്ക്കെതിരെ, ഫെബ്രുവരി 24 ന് അദാനി ഗ്രൂപ്പിലെ എല്‍ഐസി ഓഹരികളുടെ മൂല്യം 29,893.13 കോടി രൂപയായി കുറഞ്ഞു. എന്നാല്‍ ഗ്രൂപ്പ് ഓഹരികള്‍ കുതിച്ചുയരുന്നത് സ്ഥിതിഗതികള്‍ മാറ്റിമറിച്ചിരിക്കയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) നേട്ടം തിരിച്ചുപിടിച്ചു. അദാനി ഗ്രൂപ്പ് ഓഹരികളിലെ എല്‍ഐസി ഓഹരി മൂല്യം ഏകദേശം 9,000 കോടി രൂപയാണ് ഉയര്‍ന്നത്. ഇതോടെ വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ മൊത്തം മൂല്യം 39,068.34 കോടി രൂപയിലെത്തി.
യുഎസ് ആസ്ഥാനമായ ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓഹരികള്‍ സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ ഉയര്‍ന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിയില്‍ 9% വര്‍ധനയുണ്ടായി. ഇതോടെ കഴിഞ്ഞ നാല് സെഷനുകളില്‍ 41% ഉയര്‍ച്ച കൈവരിക്കാന്‍ ഓഹരിയ്ക്കായി.
അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 5% അപ്പര്‍ സര്‍ക്യൂട്ടിലെത്തിയപ്പോള്‍ എസിസി ലിമിറ്റഡ് 2% വര്‍ധനവ് കുറിച്ചു.അംബുജ സിമന്റ് 2.45% ഉയര്‍ന്നു.






