
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വെള്ളിയാഴ്ച മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം പലമടങ്ങ് വര്‍ധിച്ച് 6334.19 കോടി രൂപയായിട്ടുണ്ട്. മുന്‍വര്‍ഷത്തില്‍ ഇത് 234.91 കോടി രൂപമാത്രമായിരുന്നു.
അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ കുറവ് വന്നു.സെപ്തംബറിലവസാനിച്ച പാദത്തില്‍ 15952.49 കോടിരൂപ രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. അറ്റ പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 14.5 ശതമാനം ഉയര്‍ന്ന് 1.11 ലക്ഷം കോടി രൂപയുടേതായി.
ന്യൂ ബിസിനസ് പ്രീമിയം 8748.55 കോടി രൂപയില്‍ നിന്നും 9724.71 കോടി രൂപയായി വളര്‍ന്നു. ലാഭക്ഷമതയളക്കുന്ന ന്യൂബിസിനസ് മാര്‍ജിന്‍ ശക്തമാണ്. ഡിസംബറിലവസാനിച്ച ഒന്‍പത് മാസത്തില്‍ ന്യൂബിസിനസ് വാല്യു 5478 കോടി രൂപയാണെന്ന് കമ്പനി അറിയിക്കുന്നു.
ഈ കാലയളവിലെ ന്യൂ ബിസിനസ് മാര്‍ജിന്‍ 14.6 ശതമാനമായിട്ടുണ്ട്. അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റിന്റെ (എയുഎം) 1 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് പറഞ്ഞ ചെയര്‍മാന്‍ എംആര്‍ കുമാര്‍ അറിയിച്ചു. മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 4ശതമാനം എല്‍ഐസിയിലാണ്.
അദാനി ഗ്രൂപ്പുമായി ചര്‍ച്ച തുടരുകയാണെന്ന് കുമാര്‍ പറയുന്നു. 44.43 ലക്ഷം കോടി രൂപയാണ് ഡിസംബറിലവസാനിച്ച പാദത്തില്‍ എല്‍ഐസിയുടെ എയുഎം.