
കൊച്ചി: ഹെല്‍ത്ത്കെയര്‍ സംരംഭമായ അബോട്ട്, ഗ്ലൂക്കോസ് മോണിറ്ററിംഗിനായുള്ള ഫ്രീ സ്റ്റൈല്‍ ലിബ്രേ സെന്‍സര്‍ നിരയില്‍ പുതിയ ഫ്രീ സ്റ്റൈല്‍ ലിബ്ര ടു പ്ലസ് അവതരിപ്പിച്ചു. ഓപ്ഷനല്‍ അലാമോട് കൂടിയ ലിബ്രെ ടു പ്ലസ് രോഗിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് റീഡിംഗ് ഓരോ മിനിറ്റിലും അവരുടെ സ്മാര്‍ട്ട്ഫോണിലേക്ക് അയയ്ക്കും. ഗ്ലൂക്കോസ് നില അസാധാരണമായി ഉയരുകയോ താഴുകയോ ചെയ്താല്‍ ഫോണിലേക്ക് അലേര്‍ട്ട് വരുകയും കൃത്യ സമയത്തുതന്നെ ആവശ്യമായ മുന്‍കരുതലുകൾ എടുക്കാന്‍ സഹായിക്കുകയും ചെയ്യും.
തോളിനു താഴെ കയ്യുടെ പിന്‍ഭാഗത്താണ് ഈ സെന്‍സര്‍ ധരിക്കേണ്ടത്. 15 ദിവസം വരെ ലിബ്രെ 2 പ്ലസ് സെന്‍സര്‍ കൈയുടെ പിന്‍ഭാഗത്ത് ധരിക്കാം. ഫോണ്‍ ഉപയോഗിച്ച് ക്വിക്ക് സ്‌കാന്‍ വഴി ഇതിനെ ആക്ടിവേറ്റ് ചെയ്യാം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍, ബ്ലൂടൂത്ത് എന്നിവ വഴിയാണ് രോഗിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയുടെ റീഡിങ്ങ് ഇത് ഫോണിലേക്ക് അയയ്ക്കുന്നത്. അതുകൊണ്ട് വിരല്‍ത്തുമ്പില്‍ മുറിവുണ്ടാക്കാതെ ശരീരത്തിലെ തല്‍സമയം ഗ്ലൂക്കോസ് നില, രോഗചരിത്രം, തുടങ്ങിയവ മനസ്സിലാക്കാം.
രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ഇതു വളരെയധികം സഹായകമാണ്. ഇതുകൂടാതെ, ഫ്രീ സ്റ്റൈല്‍ ലിബ്രെ ലിങ്ക് ഉപയോഗിക്കുന്നവര്‍ക്ക് ഫ്രീ സ്റ്റൈല്‍ ലിബ്രെ പ്ലാറ്റ്ഫോമിന്റെ ഭാഗമായ ഡിജിറ്റല്‍ ഹെല്‍ത്ത് ടൂളുകളായ ലിബ്രെ വ്യൂ, ലിബ്രെ ലിങ്ക് അപ് എന്നിവ വഴി ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയുമാകാം. മുതിര്‍ന്നവര്‍ക്കും രണ്ടു വയസ്സിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭകാല പ്രമേഹമുള്ളവര്‍ക്കും ഫ്രീസ്റ്റൈല്‍ ലിബ്രെ 2 പ്ലസ് ഉപയോഗിക്കാവുന്നതാണ്.