
എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്ക് സെബി നല്‍കിയ നോണ്‍ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റി (എന്‍ഒസി) ചോദ്യം ചെയ്യുന്ന റിട്ട് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ദീര്‍ഘകാലമായി ഐപിഒ നടത്തുന്നതിനുള്ള എന്‍എസ്‌ഇയുടെ ശ്രമങ്ങള്‍ക്കുള്ള മറ്റൊരു നിയമതടസം കൂടി നീങ്ങി. മുന്‍ ജുഡീഷ്യല്‍ ഓഫീസര്‍ കെ.സി.അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. എന്‍എസ്‌ഇയുടെ ലിസ്റ്റിംഗ് തടസപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ഹര്‍ജിയ്‌ക്കു പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായി കോടതി പറഞ്ഞു.
ജനുവരി അവസാനമാണ് എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്ക് സെബി എന്‍ഒസി നല്‍കിയത്.ഐപിഒ നടത്തുന്നതിന് എട്ട്-ഒന്‍പത് മാസം എടുത്തേക്കും. കുറെ വര്‍ഷങ്ങളായി ഐപിഒയ്‌ക്ക് അനുമതി ലഭിക്കാന്‍ എന്‍എസ്‌ഇ ശ്രമിച്ചു വരികയാണ്. എന്നാല്‍ എന്‍എസ്‌ഇയുടെ ഭാഗത്തു നിന്നുണ്ടായ ചില വീഴ്‌ചകള്‍ ചൂണ്ടികാട്ടി സെബി അനുമതി നിഷേധിക്കുകയായിരുന്നു. എന്‍എസ്‌ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളാണ് ഐപിഒ നടപടികളെ പ്രതികൂലമായി ബാധിച്ചത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്‌ട് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ അന്വേഷണം എന്‍എസ്‌ഇ നേരിട്ടത്.
2016 ഡിസംബര്‍ 18നാണ് എന്‍എസ്‌ഇ പബ്ലിക് ഇഷ്യു നടത്താനായി ആദ്യമായി സെബിയ്‌ക്ക് ഡ്രാഫ്‌റ്റ് പ്രൊസ്‌പെക്‌ടസ് (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചത്. നിലവിലുള്ള നിക്ഷേപകരുടെ 111.4 ദശലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി വില്‍ക്കാനായിരുന്നു എന്‍എസ്‌ഇയുടെ പദ്ധതി.
അതേ സമയം കോ-ലൊക്കേഷന്‍ സൗകര്യം എന്‍എസ്‌ഇ ദുരുപയോഗപ്പെടുത്തിയതു സംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡ്രാഫ്‌റ്റ് പ്രൊസ്‌പെക്‌ടസ് പിന്‍വലിക്കാന്‍ സെബി ആവശ്യപ്പെടുകയായിരുന്നു. ഒരു പതിറ്റാണ്ട് മുമ്പു തന്നെ പബ്ലിക് ഇഷ്യു നടത്തണമെന്ന ആവശ്യം എന്‍എസ്‌ഇയിലെ വിദേശ നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിവിധ തരത്തിലുള്ള ആരോപണങ്ങളും വിവാദങ്ങളും മൂലം പബ്ലിക് ഇഷ്യു നീണ്ടുപോകുകയായിരുന്നു.
ട്രേഡിംഗ് സോഫ്‌റ്റ് വെയര്‍ ദുരുപയോഗം ചെയ്‌തുവെന്നതിന്റെ പേരില്‍ സെബിയില്‍ നിന്നും എന്‍എസ്‌ഇയ്‌ക്ക് നോട്ടീസ് ലഭിക്കുകയും ചെയ്‌തു. എല്ലാ ട്രേഡര്‍മാര്‍ക്കും തുല്യമായ നിലയില്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതില്‍ വീഴ്‌ച വന്നുവെന്ന് ചൂണ്ടികാട്ടി എന്‍എസ്‌ഇയ്‌ക്ക് സെബി പിഴ ചുമത്തി. ഇത് നിയമ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ഈ കേസ് ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം അവസാനം ഈ പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിനായി 1387 കോടി രൂപ പിഴ നല്‍കാമെന്ന് എന്‍എസ്‌ഇ സെബിയെ അറിയിച്ചു. ഇതോടെയാണ് ഐപിഒയ്‌ക്കുള്ള തടസങ്ങള്‍ നീങ്ങുന്നതിന് കളമൊരുങ്ങിയത്.






