
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതിദത്തമായ ഗുണമേന്മയും സംയോജിപ്പിക്കുന്ന 30 ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കെ-ഇനം എന്ന പേരിൽ വിപണിയിൽ ഇറക്കാൻ കുടുംബശ്രീ. പദ്ധതി നാളെ നെടുമ്പാശ്ശേരി ഫ്ലോറ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
നൂതന ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും ഉത്പാദനത്തിലും വിപണനത്തിലും സാങ്കേതിക നവീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേരള ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ കെ-ടാപ്പ് 2.0 യും പരിപാടിയിൽ അവതരിപ്പിക്കും. അതോടൊപ്പം തന്നെ പരമ്പരാഗത ഗോത്ര അറിവിനെ പൂർണമായും പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ച് ആധുനിക ഡിസൈനുകളുമായി സമന്വയിപ്പിക്കുന്ന, തദ്ദേശീയരുടെ സുസ്ഥിരമായ ഉപജീവനമാർഗം ഉറപ്പാക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡായ ട്രിബാൻഡ് മറ്റൊരു പ്രധാന ആകർഷണമാണ്. കൂടാതെ, തിരഞ്ഞെടുത്ത മുൻനിര ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക കുടുംബശ്രീ ഗിഫ്റ്റ് ബോക്സുകൾ അവതരിപ്പിക്കുന്നതിനൊപ്പം ‘യുക്തി’ എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് ശൃംഖല ആരംഭിക്കും






