
മുംബൈ: ചൊവ്വാഴ്ച മൂന്നുവര്‍ഷത്തെ ഉയരം കുറിച്ച ഓഹരിയാണ് കെആര്‍ബിഎല്ലിന്റേത്. 11 ശതമാനം ഉയര്‍ന്ന് 335.60 രൂപയിലാണ് ഓഹരി എത്തിയത്. 2021 ഒക്ടോബര്‍ 14 ന് രേഖപ്പെടുത്തിയ 337.45 രൂപയുടെ റെക്കോര്‍ഡാണ് സ്‌റ്റോക്ക് മറികടന്നത്.
ലോക പ്രശസ്ത ബസ്മതി അരി ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളാണ് കമ്പനി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കെആര്‍ബിഎല്ലിന്റെ ഓഹരി ഉയര്‍ന്നത് 17 ശതമാനമാണ്. ഒരു മാസത്തെ കണക്കെടുക്കുമ്പോള്‍ 70 ശതമാനമാണ് ഉയര്‍ച്ച.
ബസുമതി അരി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് കെആര്‍ബിഎല്‍. ആഗോളതലത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകളായ ‘ഇന്ത്യ ഗേറ്റ്’, ‘യൂണിറ്റി’, ‘നൂര്‍ജഹാന്‍’ എന്നിവ ഇവരുടേതാണ്. ഇതില്‍ ബസ്മതി അരിയുടെ പര്യായമാണ് ഇന്ത്യ ഗേറ്റ്.
അണ്‍മില്ലഡ്, സെമി-മില്‍ഡ് അല്ലെങ്കില്‍ മില്‍ഡ്, ഹസ്‌ക്ഡ് ബ്രൗണ്‍ എന്നിങ്ങനെ വിവിധ ഗ്രേഡിലുള്ള അരികള്‍ക്ക് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ 20 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. എന്നാല്‍ പുഴുങ്ങലരിയും ബസ്മതി അരിയും തീരുവയില്‍ നിന്നൊഴിവാക്കി.
ഇതാണ് ഓഹരിയെ മികച്ച നേട്ടത്തിലേയ്ക്ക് നയിച്ചത്.