
ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ തല തൊട്ടപ്പനാണ് കെപിപി നമ്പ്യാര്‍. ഇന്ത്യയിലെ ടെലിവിഷന്‍ വിപ്ലവത്തിന് ഉറച്ച അടിത്തറയിട്ടത് കെല്‍ട്രോണ്‍ എന്ന കേരള കമ്പനിയാണ്. കെല്‍ട്രോണില്‍ നിന്നുള്ള ടെലിവിഷന്‍ അന്നൊരു പോപ്പുലര്‍ ടിവി ബ്രാന്‍ഡ് ആണ്. ഒനിഡയും, സോണിയും ബിപിഎല്ലും പോലെ.
ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ഇലക്ട്രോണിക്‌സ് കമ്പനി. കെല്‍ട്രോണിന്റെ മാതൃക പിന്തുടര്‍ന്നാണ് യുപിയില്‍ അപ്‌ട്രോണ്‍, മഹാരാഷ്ട്രയില്‍ മെല്‍ട്രോണ്‍, ബീഹാറില്‍ ബെല്‍ട്രോണ്‍, ബംഗാളില്‍ വീബെല്‍ എന്നീ പൊതുമേഖല ഇലക്ട്രോണിക് കമ്പനികള്‍ ആരംഭിക്കുന്നത്. അവയ്‌ക്കെല്ലാം ബ്ലൂപ്രിന്റ് ആയിരുന്നു കെല്‍ട്രോണ്‍. 1970 ല്‍ കേരള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന കല്ല്യാശേരിക്കാരന്‍ കെപിപി നമ്പ്യാര്‍ തുടക്കം കുറിച്ചതാണ് കെല്‍ട്രോണ്‍. കല്ല്യാശ്ശേരിക്കാരന്‍ എന്ന് പറഞ്ഞാല്‍ നായനാരുടെ നാട്ടുകാരന്‍. ഇകെ നായനാര്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ നാട്ടുകാരനായ പ്രതിഭാശാലിയെ അദ്ദേഹം ഉപദേഷ്ടാവാക്കി. നായനാര്‍ക്ക് ടെക്‌നോപാര്‍ക് എന്ന ആശയം നല്‍കിയത് നമ്പ്യാരാണ്. അമേരിക്കയില്‍ സുപ്രധാന ചുമതലകളില്‍ ജോലി ചെയ്തിരുന്ന നമ്പ്യാര്‍ സിലിക്കണ്‍വാലിയുടെ ഒരു പതിപ്പ് കേരളത്തില്‍ തുടങ്ങാന്‍ ആഗ്രഹിച്ചതാണ് ടെക്‌നോപാര്‍ക് എന്ന ആശയത്തിന് പിന്നില്‍.
ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പഠനശേഷം യുഎസില്‍ ജോലി ചെയ്യുകയായിരുന്നു കെപിപി നമ്പ്യാര്‍. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള നെഹ്‌റുവിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നമ്പ്യാര്‍ തിരിച്ച് ഇന്ത്യയില്‍ എത്തുന്നത്. ഫിലിപ്‌സ് ഇന്ത്യ അടക്കമുള്ള ഒട്ടേറെ പ്രമുഖ കമ്പനികളില്‍ പ്രധാന ചുമതലകള്‍ നിര്‍വഹിച്ചു. നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയില്‍ ജനറല്‍ മാനേജരുമായി. അതിനിടയിലാണ് കേരളത്തില്‍ നിന്നുള്ള ക്ഷണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഇലക്ട്രോണിക്‌സ് കമ്പനി തുടങ്ങുകയായിരുന്നു ദൗത്യം. അങ്ങനെയാണ് കെല്‍ട്രോണിന്റെ പിറവി. അനുബന്ധമായി ഇലക്ട്രോണിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (ഋഞ&ഉഇ) ആരംഭിച്ചു. ഇന്ത്യയിലേക്ക് ടെലിവിഷന്‍ കടന്നുവരുന്ന സമയം. കെല്‍ട്രോണ്‍ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡെന്ന സ്വാതന്ത്ര്യത്തോടെ നമ്മുടെ സ്വീകരണ മുറികളില്‍ നിരന്നു. ഒന്നര പതിറ്റാണ്ടുകാലം നമ്പ്യാര്‍ അവിടെ തന്നെ തുടര്‍ന്നു. 1985ല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ദില്ലിയിലേക്ക് മടക്കി വിളിച്ചു, ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായി. ടെലികമ്മ്യൂണിക്കേഷനിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായിരുന്നു അന്നത്. 1986ല്‍ രാജീവ് ഗാന്ധി അദ്ദേഹത്തെ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയായി നിയമിച്ചു. ആ കാലയളവിലാണ് പുനയില്‍ സെന്റര്‍ ഫോള്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗിന്റെ തുടക്കം.
1989ല്‍ വീണ്ടും കേരളത്തിലേക്ക്. സര്‍ക്കാരിന്റെ പ്രത്യേക ഉപദേശകന്‍ ആയിട്ടായിരുന്നു ഇപ്രാവശ്യത്തെ വരവ്. ഗൗരിയമ്മ വ്യവസായ മന്ത്രിയായിരിക്കുന്ന സമയമാണ്. നായനാര്‍ മുഖ്യമന്ത്രിയും. ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് നായനാരെ സിലിക്കണ്‍ വാലി കാണിച്ചുകൊടുത്ത് ടെക്‌നോപാര്‍ക് തുടങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നത്. 1991ല്‍ അത് യാഥാര്‍ത്ഥ്യമായി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് പാര്‍ക്ക്.
കല്ല്യാശ്ശേരിയില്‍ ഒരു പവര്‍ പ്ലാന്റ് സ്ഥാപിക്കുന്ന നടപടികളുമായി ബഹുദൂരം മുന്നോട്ടുപോയതാണ്. പക്ഷേ വിദേശ നിക്ഷേപം സംബന്ധിച്ച ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത ആ പദ്ധതിയെ പാതി വഴിയിലാക്കി.
കെല്‍ട്രോണിന് കീഴില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ച് ഈ വ്യവസായത്തെ പടര്‍ത്തി. അവ കൂടുതലും ഗ്രാമപ്രദേശങ്ങളില്‍ ആയിരുന്നു.
ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായിരിക്കെ കമ്പനിയുടെ ഓക്‌സിലറി യൂണിറ്റുകള്‍ തുടങ്ങി അവയുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി ടെലഫോണ്‍ ഘടകഭാഗങ്ങള്‍ നിര്‍മിച്ച് കമ്പനിക്ക് സപ്ലൈ ചെയ്യുന്ന മോഡലുണ്ടാക്കി. 41 യൂണിറ്റുകളിലായി 103 ഘടകഭാഗങ്ങള്‍ അങ്ങനെ നിര്‍മിച്ചു.
വ്യവസായ വളര്‍ച്ചയുടെ വികേന്ദ്രീകൃത മാതൃകയുടെ അപ്പോസ്‌തോലനായി അദ്ദേഹം മാറി.
കെല്‍ട്രോണിന്റെ കണ്‍സ്യൂമര്‍ ഉല്‍പനങ്ങള്‍ നിര്‍മിച്ചിരുന്നത് കമ്പനിക്ക് കീഴില്‍ ആരംഭിച്ച വനിതകളുടെ സഹകരണ സംഘങ്ങളില്‍ ആയിരുന്നു. ആ മാതൃകയൊക്കെ പിന്നീട് മറ്റു സംസ്ഥാനങ്ങള്‍ പകര്‍ത്തി.






