
കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടത്തിനുള്ള വിദേശവായ്പയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയായി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്.
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് അനുമതി നൽകിയിരിക്കുന്നത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിലാണ് അനുമതി.
രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് വായ്പയ്ക്കാവശ്യമായ നടപടിക്രമങ്ങൾ 2023-ൽ തുടങ്ങിയതാണ്. എ.ഐ.ഐ.ബി.യിൽ നിന്ന് വായ്പയ്ക്ക് കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചശേഷം അംഗീകാരത്തിനായി കഴിഞ്ഞവർഷം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ നടപടി നീണ്ടു പോവുകയായിരുന്നു.
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ നിർമാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തിരുന്നു. രണ്ടാംഘട്ടത്തിന്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.
11.2 കിലോമീറ്റർ വരുന്ന രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് 1,957 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 2019-ലെ പദ്ധതി രൂപരേഖയനുസരിച്ചുള്ള കണക്കാണിത്. പദ്ധതിയിൽ കേന്ദ്രത്തിന്റെ വിഹിതമായി 339 കോടി രൂപയും സംസ്ഥാന സർക്കാരിന്റേതായി 556 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.
ശേഷിക്കുന്ന തുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തുമെന്നാണ് പ്രഖ്യാപനം. 2023 നവംബറിലാണ് രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. 2024 ജൂണിൽ നിർമാണകരാർ നൽകി. സെപ്റ്റംബറിൽ നിർമാണം തുടങ്ങി.






