തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്കിന്റെ (കെ ഫോണ്) വാണിജ്യ ഇന്റർനെറ്റ് സേവനങ്ങൾക്ക് ടെക്നോപാർക്ക് കാന്പസിൽ തുടക്കമായി.
‘സിനർജി 2024’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ടെക്നോപാർക്കിലെ കെ ഫോണ് സേവനങ്ങളുടെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട) നിർവഹിച്ചു.
ടെക്നോപാർക്കിന് ഇതൊരു നാഴികക്കല്ലാണെന്നും കെ ഫോണ് സേവനങ്ങൾ ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കുവഹിക്കുമെന്നും സിഇഒ പറഞ്ഞു.
ഉദ്യോഗസ്ഥരും ജീവനക്കാരും കെ ഫോണ് കണക്ടിവിറ്റി പരമാവധി പ്രയോജനപ്പെടുത്തണം. ടെക്നോപാർക്കിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് കെ ഫോണ് കണക്ടിവിറ്റിയുടെ നേട്ടങ്ങൾ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
23,000 വീടുകളിൽ ഇതിനോടകം കെ ഫോണ് കണക്ഷനുകൾ സ്ഥാപിക്കാനായെന്നും ടെക്നോപാർക്കിലെ പ്രവർത്തനം കെ ഫോണിന് കൂടുതൽ കരുത്തു പകരുമെന്നും കെ ഫോണ് പ്രിൻസിപ്പൽ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.
കെ ഫോണ് ലിമിറ്റഡ് ചീഫ് ടെക്നിക്കൽ ഓഫീസർ രാജ കിഷോർ യല്ലാമതി കെ ഫോണിനെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് വിശദമായ അവതരണം നടത്തി.