
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 2019–20ലെ 8,12,935 കോടിയിൽനിന്ന് ശരാശരി വാർഷിക വളർച്ചാനിരക്കിൽ 8.97 ശതമാനം വർധിച്ച് 2023–24ൽ 11,46,109 കോടിയായി. 2024 മാർച്ചിൽ അവസാനിച്ച വർഷത്തെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരമാണിത്. റിപ്പോർട്ട് സംസ്ഥാന നിയമസഭയിൽ സമർപ്പിച്ചു.
റവന്യൂ വരവിലും ചെലവിലും വർധനവുണ്ടായി. 2019–20 മുതൽ 23–24 വരെയുള്ള കാലയളവിൽ 8.38 ശതമാനമാണ് റവന്യൂ വരവിലെ ശരാശരി വാർഷിക വളർച്ചാനിരക്ക്. 90,224.67 കോടിയിൽനിന്ന് 1,24,486.15 കോടിയായി. തനത് നികുതി വരുമാനം 2022-23ലെ 71,968.16 കോടിയിൽനിന്ന് 3.28 ശതമാനം വർധിച്ച് 2023–24ൽ 74,329.01 കോടിയായി.
നികുതിയേതര വരുമാനം ഇതേകാലയളവിൽ 8.12 ശതമാനം വർധിച്ചു. കേന്ദ്ര നികുതികളിലെയും തീരുവകളിലെയും സംസ്ഥാനത്തിന്റെ വിഹിതം 19.07 ശതമാനം വർധിച്ചെങ്കിലും കേന്ദ്രധനസഹായം 2022-23ലെ 27,377.86 കോടിയിൽനിന്ന് 55.92 ശതമാനം കുറഞ്ഞ് 2023-24ൽ 12,068.26 കോടിയായി.
റവന്യു ചെലവിൽ അഞ്ചു വർഷക്കാലയളവിൽ 8.03 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്കുണ്ടായി. 2019-20ൽ 1,04,719.92 കോടിയായിരുന്ന റവന്യു ചെലവ് 37,90642 കോടി വർധിച്ച് (36.20 ശതമാനം) 2023–24ൽ 1,42,626.34 കോടിയായി.
ശമ്പളം, വേതനം, പലിശ, പെൻഷൻ എന്നിവ ഉൾപ്പെടുന്ന ബാധ്യതപ്പെട്ട ചെലവുകൾ 2019–20ൽ 71,221.27 കോടിയായിരുന്നു. 2023–24ൽ 92,728.15 കോടിയായി. 6.82 ശതമാനമാണ് ശരാശരി വാർഷിക വളർച്ചാ നിരക്ക്. മൂലധന ചെലവ് 2019–20ൽ 8,454.80 കോടിയായിരുന്നു. 2023–24ൽ 13,584.45 കോടിയാണ്.
പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ നിക്ഷേപം 2019–20ലെ 8,775.35 കോടി 2023-24ൽ 10,920.97 കോടിയായി. നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം 1.14 ശതമാനത്തിൽനിന്ന് 2.22 ശതമാനമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.