
തിരുവനതപുരം: ദേശീയതലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില 8 വർഷത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ കേരളത്തിൽ കടകവിരുദ്ധമായി കുത്തനെ കൂടി.
രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന പദവി തുടർച്ചയായ ഏഴാം മാസവും മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം നിലനിർത്തുകയും ചെയ്തു. ജൂണിലെ 6.71 ശതമാനത്തിൽ നിന്ന് ജൂലൈയിൽ കേരളത്തിലെ പണപ്പെരുപ്പം 8.89 ശതമാനമെന്ന നിരക്കിലേക്ക് കുതിച്ചുകയറി.
∙ വിലക്കയറ്റത്തിൽ രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ പണപ്പെരുപ്പം 3.77 ശതമാനമാണ്. പഞ്ചാബ് 3.53%, കർണാടക 2.73%, മഹാരാഷ്ട്ര 2.28% എന്നിവയാണ് ആദ്യ 5ലുള്ള മറ്റ് സംസ്ഥാനങ്ങൾ.
∙ അസം നെഗറ്റീവ് 0.61%, ബിഹാർ നെഗറ്റീവ് 0.10%, തെലങ്കാന നെഗറ്റീവ് 0.44%, ഒഡീഷ നെഗറ്റീവ് 0.30%, ഉത്തർപ്രദേശ് 0.05%, ആന്ധ്രാപ്രദേശ് 0.50% എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ.
∙ ഗ്രാമങ്ങളിലെ പണപ്പെരുപ്പമാണ് കേരളത്തിന് കൂടുതൽ തിരിച്ചടിയാകുന്നത്. ഇതു ജൂണിലെ 7.31ൽ നിന്ന് ജൂലൈയിൽ 10.02 ശതമാനമായി. നഗരങ്ങളിലേത് 5.69ൽ നിന്ന് 6.77 ശതമാനവും.