
ന്യൂഡൽഹി: കഴിഞ്ഞ ദിവസം കേന്ദ്രം പ്രസിദ്ധീകരിച്ച സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ പൊരുത്തക്കേടുകളും പിശകുകളുമുണ്ടെന്ന് കേരള സ്റ്റാർട്ടപ് മിഷൻ ചൂണ്ടിക്കാട്ടി. സ്കോറിങ് രീതിയിൽ വ്യക്തത തേടാനുള്ള നടപടി ആരംഭിച്ചതായി മിഷൻ അധികൃതർ പറഞ്ഞു.
കഴിഞ്ഞ തവണത്തെ റിപ്പോർട്ടിൽ ഒന്നാം നിരയിലായിരുന്ന (ബെസ്റ്റ് പെർഫോമർ) കേരളം ഇക്കുറി മൂന്നാം നിരയിലേക്ക് (ലീഡേഴ്സ്) പിന്തള്ളപ്പെട്ടിരുന്നു.
അതിനു മുൻപ് തുടർച്ചയായി 3 തവണ രണ്ടാം നിരയിലായിരുന്നു (ടോപ് പെർഫോമർ) കേരളം. ആദ്യമായാണ് മൂന്നാം നിരയിലായത്. ജനസംഖ്യാടിസ്ഥാനത്തിൽ എ1 (5 കോടിക്കു മുകളിൽ), എ2 (ഒരു കോടി മുതൽ 5 കോടി വരെ), ബി (ഒരു കോടിക്ക് താഴെ) എന്നിങ്ങനെ 3 വിഭാഗമായി തിരിച്ചായിരുന്നു റാങ്കിങ്.
കേരളം ഉന്നയിക്കുന്ന പ്രശ്നങ്ങൾ
∙ സുതാര്യതയില്ലായ്മ: സംസ്ഥാനം നൽകുന്ന റിപ്പോർട്ടുകൾ വിലയിരുത്തിയാണ് 75% വെയ്റ്റേജ്. ബാക്കി 25% സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള അഭിപ്രായവും പ്രൈവറ്റ് ഇക്കോസിസ്റ്റം മാപ്പിങ്ങും വഴിയാണ്. 75% വെയ്റ്റേജ് ലഭിക്കുന്ന സ്കോറിങ്ങിന്റെ കണക്കുകൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 25% ഓരോ സംസ്ഥാനത്തിനും എത്രയെന്ന് പ്രസിദ്ധീകരിച്ചിട്ടില്ല.
∙ സ്കോറിങ്ങിലെ പൊരുത്തക്കേട്: എ2 വിഭാഗത്തിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളമാണ് മുന്നിൽ. കേരളത്തിന്റെ ശരാശരി മാർക്ക് 71 ശതമാനമാണ്. എന്നാൽ, കേരളത്തേക്കാൾ മുന്നിലുള്ള പഞ്ചാബിന്റെ ശരാശരി 60.5 ശതമാനമാണ്. രണ്ടാം നിരയായ ടോപ് പെർഫോമർ വിഭാഗത്തിലാണ് പഞ്ചാബ്. കേരളം മൂന്നാം നിരയിലും. ഗുജറാത്തിന്റെ ശരാശരി 98.6 ശതമാനമാണ്.
∙ ഒന്നാം നിരയിൽ ആരൊക്കെ: ഒന്നാം നിരയായ ബെസ്റ്റ് പെർഫോമർ വിഭാഗത്തിൽ എ1, ബി വിഭാഗങ്ങൾ മാത്രമേയുള്ളൂ. കേരളം ഉൾപ്പെട്ട എ2 വിഭാഗത്തിൽ ഒരു സംസ്ഥാനവുമില്ല.





