
- ഇ-ഗവേണൻസ് ഇനി പൗരസേവനങ്ങളിലേക്കും
തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിനു പിന്നാലെ, കടലാസുരഹിത ഭരണത്തിലേക്ക് നീങ്ങാൻ കേരളം. പൗരർക്ക് അപേക്ഷാരഹിത സേവനം ഉറപ്പാക്കാനും അത്യാവശ്യ രേഖകള്‍ സൂക്ഷിക്കാനും പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമൊക്കെ ഓണ്‍ലൈൻ മാർഗങ്ങളൊരുക്കി സമ്പൂർണ ഡിജിറ്റല്‍ ഭരണമാണ് ലക്ഷ്യം. നിർമിതബുദ്ധി സഹായത്തോടെയാണ് ഈ യജ്ഞം.
നിലവില്‍ സർക്കാർ ഫയല്‍നീക്കത്തില്‍ ഒതുങ്ങിയ ഇ-ഗവേണൻസ് ഇനി പൗരസേവനങ്ങളിലേക്കും വ്യാപിക്കും. തദ്ദേശസ്വയംഭരണ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജൻസി.
കടലാസുരഹിത ഭരണത്തിലേക്കുള്ള ആദ്യചുവടുവെപ്പാണ് ഡീഡ്(ഡിജി െറ്റെസേഷൻ ഓഫ് എവരി എസൻഷ്യല്‍ ഡോക്യുമെന്റ്). പൗരരുടെ അവശ്യരേഖകളും സർട്ടിഫിക്കറ്റുകളും ഡിജിലോക്കറുമായി ബന്ധിപ്പിച്ച് ഡിജിറ്റലായി സൂക്ഷിക്കാനുള്ള സർക്കാർ സംവിധാനമാണ് ഡീഡ്. ഇതിനായി ഒരു മാതൃകാ സോഫ്റ്റ്വേർ തയ്യാറാക്കും. ജനനം, വരുമാനം, താമസം തുടങ്ങിയ സർട്ടിഫിക്കറ്റുകളെല്ലാം ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാം.
ഇതോടെ, ഈ രേഖകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഓരോ തവണയും അപേക്ഷിച്ചുവാങ്ങി, സമർപ്പിക്കേണ്ട സാഹചര്യവും ഇല്ലാതാവും. കെ-സ്മാർട്ട് വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു ഐഡി നല്‍കും. 2026 ഡിസംബർ 31-നു മുൻപ് ഈ സംരംഭം എല്ലാ പൗരരിലേക്കും വ്യാപിപ്പിക്കും.
പൗരരുടെ സുരക്ഷിതമായ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ ‘വിനിമയ’ (വെർച്വല്‍ ഇൻക്ലൂഷൻ ത്രൂ നോവല്‍ ഇനീഷ്യേറ്റീവ്സ് ഫോർ മോണിറ്ററി ആക്സസിബിലിറ്റി) എന്ന പേരിലുള്ള പദ്ധതിയും ഒരുങ്ങിക്കഴിഞ്ഞു.
ജനങ്ങളുടെ ജീവിതം അനായാസമാക്കുകയും ഭരണനിർവഹണം വേഗത്തിലാക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. എല്ലാ സർക്കാർസേവനങ്ങളും വൈകാതെ ഒറ്റ ആപ്പിലേക്കു മാറും. ‘സർക്കാർ വിരല്‍ത്തുമ്പില്‍’ എന്ന ആശയത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.