
- സംസ്ഥാനത്തിന്റെയും സാധാരണക്കാന്റെയും തലവര മാറ്റുന്നത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം- ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 400 കോടി രൂപയുടെ ‘മിഷന് സമുദ്ര’ പദ്ധതിക്കും തുടക്കമായി. ഇത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും, സാധാരണക്കാരുടെ ജീവിതത്തിലും വന്‍ മുന്നേറ്റത്തിന് വഴിതുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
എന്താണ് മിഷന് സമുദ്ര പദ്ധതി?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും സമന്വയിപ്പിച്ച് നടപ്പിലാക്കുന്ന മാരിടൈം വ്യവസായ- ലോജിസ്റ്റിക്സ് വികസന പദ്ധതിയാണ് മിഷ്ന്‍ സമുദ്ര.
വിഴിഞ്ഞത്തെ ഒരു പ്രധാന ‘പോര്‍ട്ട് സിറ്റി’ (Port City) സങ്കല്പ്പത്തിലേക്ക് ഉയര്‍ത്തി, കേരളത്തെ ആഗോള എക്സ്പോര്‍ട്ട്- മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 400 കോടിയുടെ പ്രാരംഭ ഫണ്ടോടെ ആരംഭിക്കുന്ന പദ്ധതിയില്‍ 8 വ്യാവസായിക ക്ലസ്റ്ററുകള്‍, 3 പുതിയ പോര്‍ട്ട് സിറ്റികള്‍, 14 ഉപപദ്ധതികള്‍ എന്നിവ ഉള്‍ക്കൊളുന്നു.
കേരളത്തിലെ പദ്ധതിയുടെ സാധ്യതകള്‍
അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം. ഇവിടത്തെ ഭൂമിശാസ്ത്രപരമായ സ്ഥാനം ആഗോള വാണിജ്യ ഭൂപടത്തില്‍ കേരളത്തിന് മുന്‍തൂക്കം നല്‍കും.
കൊച്ചിന് പോര്‍ട്ട്, ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള 17 ചെറുകിട തുറമുഖങ്ങളെയും, ഉള്‍നാടന്‍ ജലപാതകളെയും ബന്ധിപ്പിച്ച് ശക്തമായ ഒരു സമുദ്ര ചരക്കുപാത സൃഷ്ടിക്കുന്ന വമ്പന്‍ പദ്ധതിക്കാണ് തുടക്കമാകുന്നത്. ക്രൂയിസ് ടൂറിസം, സാഹസിക തീരദേശ ടൂറിസം, മറൈന്‍ ബയോടെക്നോളജി, ഗ്രീന്‍ പോര്‍ട്ടുകള്‍ എന്നിവയില്‍ വന്‍ വളര്‍ച്ചാ സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്.
സാമ്പത്തിക നേട്ടങ്ങള്‍
കൊളംബോ, ദുബായ്, സിംഗപ്പൂര്‍ വഴി നടത്തിയിരുന്ന ചരക്ക് നീക്കം വിഴിഞ്ഞം വഴി നേരിട്ടാകുന്നതോടെ വ്യാപാരികള്‍ക്ക് സമയവും, വന്‍ തുകയുടെ ലോജിസ്റ്റിക്സ് ചെലവും ലാഭിക്കാം.
2031 -ഓടെ സര്‍ക്കാറിന്റെ പ്രാരംഭ നിക്ഷേപത്തിന്റെ 10 ഇരട്ടിയിലധികം സ്വകാര്യ മൂലധന നിക്ഷേപം സംസ്ഥാനത്തേക്ക് ആര്‍ഷിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ കാര്‍ഷിക ഉല്പന്നങ്ങള്, സുഗന്ധവ്യഞ്ജനങ്ങള്‍, കൈത്തറി, മാരിന് ഉല്പന്നങ്ങള്, കശുവണ്ടി എന്നിവ ലോകവിപണിയിലേക്ക് നേരിട്ട് കയറ്റി അയക്കാന്‍ സാധിക്കും. കേരളത്തിന്റെ ലോകത്തിലേയ്ക്കുള്ള കവടമാകും വിഴിഞ്ഞം.
സാധാരണക്കാര്‍ക്കുള്ള നേട്ടങ്ങള്‍
തൊഴിലവസരങ്ങള്‍ തന്നെയാണ് പ്രധാന ഹൈലൈറ്റ്. ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, ടൂറിസം, നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, കസ്റ്റംസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ചരക്കുഗതാഗത ചെലവ് ഗണ്യമായി കുറയുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില നിയന്ത്രണവിധേയമാക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ചരക്കുനീക്കം കടല്‍- ജല പാതകളിലേക്ക് മാറുന്നതോടെ ദേശീയപാതകളിലെ തിരക്കു കുറയും. ഇത് റോഡ് അപകടങ്ങളും, അന്തരീക്ഷ മലിനീകരണവും കുറയ്ക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും വെല്ലുവിളികളും
ഇന്നലെ പദ്ധതികള്‍ക്ക് തുടക്കമാകുക മാത്രമാണ് ചെയ്തത്. മികച്ച വിജയത്തിന് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകേണ്ടതുണ്ട്.
കണ്ടെയ്നര്‍ നീക്കം തടസ്സമില്ലാതെ നടക്കാന്‍ തുറമുഖ റോഡ്- റെയില്‍ ശൃംഖലകളും, ദേശീയപാത വികസനവും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
തീരശോഷണം, കടല്‍ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ തടയാന്‍ കര്‍ശനമായ സുസ്ഥിര വികസന മാനദണ്ഡങ്ങള്‍ പാകിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗങ്ങളും, തീരദേശ ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള വികസന മാതൃക സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്.






