മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

രാജ്യത്തെ ആദ്യ ‘നഗര നയം’ തയ്യാറാക്കിയ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസന ദിശ നിർണയിക്കുന്ന നഗര നയത്തിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ഈ കരട് നയം, അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ രൂപരേഖ നൽകുന്നു.

രണ്ടു വർഷത്തെ നിരന്തരമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം ഒരു സംസ്ഥാനം രൂപീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്.

ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി 2023 ഡിസംബറിൽ രൂപീകരിച്ച നഗര നയ കമ്മിഷൻ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക് കൈമാറിയ ഈ റിപ്പോർട്ട് സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ആഗോള സമ്മേളനത്തിൽ വിപുലമായി ചർച്ച ചെയ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മേയർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ആ സമ്മേളനത്തിലെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ നയം തയ്യാറാക്കിയിരിക്കുന്നത്.

നഗര നയ കമ്മിഷന്റെ വിലയിരുത്തൽ പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി മാറും. മലനാടിനും തീരദേശത്തിനും ഇടയിലുള്ള ജനസാന്ദ്രതയേറിയ മേഖലകളിൽ വികേന്ദ്രീകൃതമായ രീതിയിലായിരിക്കും ഈ വികസനം നടക്കുക.

കാലാവസ്ഥാ വ്യതിയാനം ഒരു വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, പരിസ്ഥിതിലോല പ്രദേശങ്ങളിലെ നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുള്ള ഒരു അടിസ്ഥാന രേഖയായി ഈ നയം പ്രവർത്തിക്കും. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നു.

ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് 2050 ലെ കേരളത്തെക്കുറിച്ച് ഈ നയം വിഭാവനം ചെയ്യുന്നത്. വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം തുടർന്നുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസന മാതൃകയാണ് ലക്ഷ്യം.

നഗര സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിലൂടെ സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കാനും മികച്ച സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പാക്കാനും സാധിക്കുമെന്ന് നയം വ്യക്തമാക്കുന്നു.

നിയമങ്ങളിലും ഭരണ സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, ജനകേന്ദ്രീകൃതമായ സേവനങ്ങൾ, പദ്ധതികൾ എന്നിവയ്ക്കാണ് നയം മുൻഗണന നൽകുന്നത്.

ഉദ്യോഗസ്ഥരുടെ കാര്യശേഷി വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തന്ത്രപരമായ ആസൂത്രണം നടപ്പിലാക്കുക എന്നീ മേഖലകളിലൂന്നിയായിരിക്കും വരും വർഷങ്ങളിൽ കേരളത്തിലെ നഗര വികസനം നടക്കുക.

X
Top