എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കേരളം ആസ്ഥാനമായ ഡെന്റ്‌കെയർ 150 കോടി സമാഹരിച്ചു

  • അഞ്ചുവർഷത്തിനുള്ളിൽ ഐപിഒ

കൊച്ചി: കേരളം ആസ്ഥാനമായുള്ള ‘ഡെന്റ്‌കെയർ’ എന്ന കൃത്രിമ പല്ലുനിർമാണ കമ്പനി ഇന്ത്യൻ നിക്ഷേപക സ്ഥാപനമായ ഐസിഐസിഐ വെഞ്ച്വറിൽനിന്ന് 150-160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. ഏതാണ്ട് 10 ശതമാനം ഓഹരികൾ കൈമാറിക്കൊണ്ടാണ് ഇത്.

വായ്പ അടച്ചുതീർക്കാനും വികസനപ്രവർത്തനങ്ങൾക്കുമാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. കമ്പനിക്ക് ഏതാണ്ട് 1,500 കോടി രൂപ മൂല്യം നൽകുന്നതാണ് ഇടപാട്. ആദ്യമായാണ് കമ്പനി പുറത്തുനിന്നുള്ള മൂലധനനിക്ഷേപം സ്വീകരിക്കുന്നത്. ഓഹരിയെടുക്കാൻ വിപ്രോ ഉൾപ്പെടെ പത്തോളം നിക്ഷേപകസ്ഥാപനങ്ങൾ രംഗത്തുണ്ടായിരുന്നു.

ഇടപാടിന്റെ ഭാഗമായി ഐസിഐസിഐ വെഞ്ച്വറിന്റെ പ്രതിനിധിയായ റുഷാങ്ക് വോറ, ഡെന്റ്‌കെയറിന്റെ ഡയറക്ടർ ബോർഡിൽ എത്തിയിട്ടുണ്ട്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) യിലൂടെ മൂലധന സമാഹരണത്തിന് പദ്ധതിയുണ്ടെന്ന് ഡെന്റ്‌കെയറിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് പറഞ്ഞു.

മൂവാറ്റുപുഴയിൽനിന്നൊരു ‘ഗ്ലോബൽ പ്ലെയർ’ മൂവാറ്റുപുഴ സ്വദേശിയായ ജോൺ കുര്യാക്കോസിന്റെ നേതൃത്വത്തിൽ 1988-ൽ ചെറിയ നിലയിൽ തുടങ്ങിയ ഡെന്റ്‌കെയർ ഡെന്റൽ ലാബ് ഇന്ന് കൃത്രിമപല്ലുകളുടെ നിർമാണരംഗത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ്.

മൂവാറ്റുപുഴ ആസ്ഥാനമായുള്ള കമ്പനിക്ക് ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഉത്പാദനകേന്ദ്രങ്ങളുണ്ട്. ഇതിനുപുറമേ, യുഎസ്, കാനഡ, യുകെ, യുഎഇ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ഇന്ത്യയാണ് ഏറ്റവും വലിയ വിപണി. 27 രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിനായിരത്തോളം ഡെന്റിസ്റ്റുകൾക്ക് കൃത്രിമപല്ലുകൾ ലഭ്യമാക്കുന്നുണ്ട്. ദിനംപ്രതി ഏഴായിരത്തോളം കൃത്രിമ പല്ലുകളാണ് ഓരോരുത്തരുടെയും അളവിനൊത്ത് കമ്പനിയുടെ ലാബുകളിൽ ഉത്പാദിപ്പിക്കുന്നത്. 4,390 പേർ ജോലി ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.

നടപ്പുസാമ്പത്തികവർഷം ഏതാണ്ട് 350 കോടിരൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

X
Top