ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

കേരളാ ബാങ്കുകള്‍ക്ക് മൂന്നാം പാദത്തില്‍ മിന്നും പ്രകടനം

കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച.

നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ മികച്ച പ്രകടനം രേഖപ്പെടുത്തി. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൂന്നാം പാദത്തിലെ പ്രവര്‍ത്തന ഫലകണക്കുകള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് നാല് ബാങ്കുകളുടെ പ്രവര്‍ത്തനഫലങ്ങള്‍ വിശദമായി നോക്കാം:

കാസയില്‍ കരുത്തുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
2025 ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ മൊത്തം വായ്പകള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 86,966 കോടി രൂപയില്‍ നിന്ന് 11.27% വര്‍ധിച്ച് 96,765 കോടി രൂപയിലെത്തി.

2025 മാര്‍ച്ചില്‍ ബാങ്ക് 900 കോടി രൂപ സാങ്കേതികമായി എഴുതിതള്ളിയതുകൂടി (Technical Write-off) കണക്കിലെടുത്താല്‍ വായ്പാ വളര്‍ച്ച 12.43 ശതമാനമായിരിക്കുമെന്ന് ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ബാങ്കിന്റെ ആകെ നിക്ഷേപം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 1,05,387 കോടി രൂപയില്‍ നിന്ന് 12.17% വര്‍ധിച്ച് 1,18,211 കോടി രൂപയായി ഉയര്‍ന്നു.

ബാങ്കിന്റെ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളില്‍ (കാസ/CASA) 14.65% വളര്‍ച്ചയുണ്ടായി. നിലവില്‍ 37,640 കോടി രൂപയാണ് കാസ നിക്ഷേപം. ബാങ്കിന്റെ ആകെ നിക്ഷേപത്തില്‍ കാസ വിഹിതം 31.15 ശതമാനത്തില്‍ നിന്ന് 31.84 ശതമാനമായി വര്‍ധിച്ചു.

സി.എസ്.ബി ബാങ്കിന് സ്വര്‍ണത്തിളക്കം
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് സിഎസ്ബി ബാങ്കിന്റെ മൊത്തം നിക്ഷേപത്തില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 ഡിസംബറില്‍ 33,407 കോടി രൂപയായിരുന്ന നിക്ഷേപം 40,460 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ കാസ നിക്ഷേപം 8,316 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ 8,042 കോടി രൂപയില്‍ നിന്ന് 3 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്ഥിരനിക്ഷേപങ്ങള്‍ (Term Deposits) 27 ശതമാനം വളര്‍ച്ചയോടെ 32,144 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 29 ശതമാനം വര്‍ധിച്ച് 37,208 കോടി രൂപയായി. 2024 ഡിസംബറില്‍ ഇത് 28,915 കോടി രൂപയായിരുന്നു.

സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ബാങ്ക് വലിയ മുന്നേറ്റമാണ് നടത്തിയത്. 46 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ സ്വര്‍ണപ്പണയ വായ്പകള്‍ 19,023 കോടി രൂപയിലെത്തി. 2025 സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് (39,651 കോടി രൂപ), നിക്ഷേപത്തില്‍ ഏകദേശം 2 ശതമാനത്തിന്റെ വര്‍ധന ഈ പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

വായ്പകളില്‍ വന്‍ മുന്നേറ്റവുമായി ധനലക്ഷ്മി ബാങ്ക്
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് 2025 ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം 20.76 ശതമാനം വര്‍ധിച്ച് 31,933 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 26,443 കോടി രൂപയായിരുന്നു.

ബാങ്കിന്റെ വായ്പാ വിതരണത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. മൊത്തം വായ്പകള്‍ (Gross Advances) 23.90 ശതമാനം വളര്‍ച്ചയോടെ 14,094 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് സ്വര്‍ണപ്പണയ വായ്പകളിലെ (Gold Loan) കുതിപ്പാണ്. മുന്‍ വര്‍ഷം ഡിസംബറില്‍ 3,553 കോടി രൂപയായിരുന്ന സ്വര്‍ണ വായ്പകള്‍ 50.89 ശതമാനം വര്‍ധിച്ച് 5,361 കോടി രൂപയിലെത്തി.

എം.എസ്.എം.ഇ വായ്പകളും 27.72 ശതമാനം വളര്‍ച്ചയോടെ 2,064 കോടി രൂപയിലെത്തിയിട്ടുണ്ട്.
ബാങ്കിന്റെ മൊത്തം നിക്ഷേപം 18.39 ശതമാനം വര്‍ധിച്ച് 17,839 കോടി രൂപയായി. കാസ നിക്ഷേപം 9.04 ശതമാനം ഉയര്‍ന്ന് 5,018 കോടി രൂപയായിട്ടുണ്ട്. 2024 ഡിസംബറില്‍ ഇത് 4,602 കോടി രൂപയായിരുന്നു.

സെക്വേര്‍ഡ് വായ്പകളുടെ കരുത്തുമായി ഇസാഫ്‌
ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.10 ശതമാനം വര്‍ധിച്ച് 24,006 കോടി രൂപയിലെത്തി. ഇതില്‍ കാസ നിക്ഷേപങ്ങള്‍ 7.83 ശതമാനം വളര്‍ച്ചയോടെ 6,030 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ബാങ്കിന്റെ കാസ അനുപാതം 25.12 ശതമാനമായി മെച്ചപ്പെട്ടു. ടേം ഡിപ്പോസിറ്റുകള്‍ 17,976 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്.

വായ്പകളുടെ കാര്യത്തിലും ബാങ്ക് വലിയ മുന്നേറ്റമാണ് നടത്തിയത്. മൊത്തം വായ്പകള്‍ 13.06 ശതമാനം വര്‍ധിച്ച് 20,680 കോടി രൂപയായി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നേട്ടം സുരക്ഷിത വായ്പകളുടെ (Secured Advances) വര്‍ധനയാണ്.

സെക്വേര്‍ഡ് വായ്പകള്‍ 57.95 ശതമാനം വര്‍ധിച്ച് 13,097 കോടി രൂപയിലെത്തി. മൊത്തം വായ്പകളുടെ 63.33 ശതമാനവും ഇപ്പോള്‍ സുരക്ഷിത വായ്പകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 45.33 ശതമാനം മാത്രമായിരുന്നു. ഗോള്‍ഡ് ലോണ്‍, മോര്‍ട്ട്‌ഗേജ്, എംഎസ്എംഇ, കൃഷി തുടങ്ങിയ മേഖലകളിലാണ് സെക്വേര്‍ഡ് വായ്പകള്‍ പ്രധാനമായും നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,364 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ (NPA) ബാങ്ക് സാങ്കേതികമായി എഴുതിത്തള്ളുകയോ (Technical Write-off) വില്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ചെയ്തിരുന്നില്ലെങ്കില്‍ വായ്പാ വളര്‍ച്ച 20.52 ശതമാനമാകുമായിരുന്നു.

ബാങ്കിന്റെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 99.85 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം മാത്രം 5.71 ലക്ഷം പുതിയ ഉപഭോക്താക്കളെ ബാങ്ക് കൂട്ടിചേര്‍ത്തു. നിലവില്‍ 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 788 ശാഖകളും 720 എടിഎമ്മുകളും ബാങ്കിനുണ്ട്.

രവിമോഹന്‍ പെരിയകാവില്‍ രാമകൃഷ്ണന്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ പുതിയ പാര്‍ട്ട് ടൈം ചെയര്‍മാനായി പ്രമുഖ ബാങ്കിംഗ് വിദഗ്ധന്‍ കാര്‍ത്തികേയന്‍ മാണിക്യത്തെ നിയമിച്ചതായും ബാങ്ക് പുതിയ ബിസിനസ് അപ്‌ഡേറ്റില്‍ അറിയിച്ചിട്ടുണ്ട്.

X
Top