
കോട്ടയം: ദേശീയ ആയുഷ് മിഷന്‍ കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായി കുമരകത്ത് നടത്തുന്ന ദേശീയ ശില്പശാലയില്‍ സമാനതകളില്ലാത്ത നേട്ടവുമായി കേരളം. ഐടി സൊല്യൂഷന്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവിഭവശേഷി, പൊതുജന സമ്പര്‍ക്കം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ മാതൃകാപരമാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോപ്പതി ഡിസ്പന്‍സറികളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.
ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും പ്രേത്യേക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളും നിലവിലുണ്ട്. ദേശീയ ആയുഷ് മിഷന്‍ വഴി കേരളത്തിന് ലഭിച്ചിരുന്ന ബജറ്റ് തുക 24 കോടി രൂപയില്‍ നിന്ന് 207 കോടി രൂപയിലെത്തി നില്‍ക്കുന്നത് തന്നെ കേരളം ഈ രംഗത്ത് എത്ര മുന്നോട്ടു പോയി എന്നതിന് തെളിവാണ്. കേരളം വികസിപ്പിച്ച പുതുതലമുറ ഇ-ഹോസ്പിറ്റല്‍, എഎച്ഐഎംഎസ് (ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം)പോര്‍ട്ടലുകള്‍ക്ക് കുമരകത്ത് നടന്ന ദേശീയ ശില്‍പശാലയില്‍ പ്രശംസ ലഭിച്ചു. ആയുഷ് മേഖലയുടെ ഡിജിറ്റല്‍വത്കരണത്തില്‍ കേരളം മുന്നിലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
രോഗികള്‍ക്ക് ആശുപത്രികളുമായും ഡോക്ടര്‍മാരുമായും ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ബന്ധപ്പെടാന്‍ സഹായിക്കുന്ന ഏകജാലക സംവിധാനമാണ് നെക്സ്റ്റ്-ജെന്‍ ഇ-ഹോസ്പിറ്റല്‍. എഎച്ഐഎംഎസ് 2.0 ആയുഷ് സ്ഥാപനങ്ങളിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും രോഗീപരിചരണവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്ര ഐടി പ്ലാറ്റ്ഫോമാണെന്ന്’ആയുഷ് മേഖലയിലെ ഐടി സൊല്യൂഷന്‍സ്’ എന്ന സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആയുഷ് മേഖലയില്‍ കേരളത്തില്‍ 250 സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍എബിഎച്ച് ലഭിച്ചിട്ടുണ്ട്. അപേക്ഷിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ അക്രഡിറ്റേഷന്‍ ലഭിച്ച മറ്റൊരു സംസ്ഥാനമില്ലെന്ന് ആയുഷ് ഡയറക്ടര്‍ ചൂണ്ടിക്കാണിച്ചു. നൂതന സാങ്കേതികവിദ്യകളായ ഐഒടി, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയവ സംസ്ഥാനത്തെ ആയുഷ് മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി സമന്വയിപ്പിക്കാനൊരുങ്ങുകയാണെന്നും ഡോ. സജിത് ബാബു അറിയിച്ചു.