
മുംബൈ: പുതിയ ഓർഡറുകൾ ലഭിച്ചതായി പ്രഖ്യാപിച്ച് കെഇസി ഇന്റർനാഷണൽ. കമ്പനിയുടെ വിവിധ ബിസിനസ്സ് വിഭാഗങ്ങൾക്കാണ് 1,108 കോടി രൂപ മൂല്യമുള്ള പുതിയ ഓർഡറുകൾ ലഭിച്ചത്. ഈ ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ കെഇസി ഇന്റർനാഷണൽ ഓഹരികൾ 2.77 ശതമാനം ഉയർന്ന് 441.25 രൂപയിലെത്തി.
കമ്പനിയുടെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ്സ് ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ടി ആൻഡ് ഡി, കേബിളിംഗ് പ്രോജക്ടുകൾക്കായുള്ള ഓർഡറുകൾ നേടിയതായി കെഇസി അറിയിച്ചു. പവർ ഗ്രിഡ് കോർപ്പറേഷന്റെ 400 kV ട്രാൻസ്മിഷൻ ലൈൻ ഓർഡർ, ഇന്ത്യയിലെ ഒരു സ്റ്റേറ്റ് യൂട്ടിലിറ്റിയിൽ നിന്നുള്ള 132 kV ഭൂഗർഭ കേബിളിംഗ് ഓർഡർ, 220 kV ട്രാൻസ്മിഷൻ ലൈൻ, മിഡിൽ ഈസ്റ്റിലെ ടവർ സപ്ലൈ ഓർഡർ എന്നിവ ഈ ഓർഡറുകളിൽ ഉൾപ്പെടുന്നു.
ഇവയ്ക്ക് പുറമെ കെഇസിയുടെ റെയിൽവേ ബിസിനസ്സ് ഇന്ത്യയുടെ സാങ്കേതിക സെഗ്‌മെന്റുകളിൽ ഓർഡറുകൾ നേടിയിട്ടുണ്ട്. ഇതിൽ ഓവർഹെഡ് ഇലക്‌ട്രിഫിക്കേഷൻ (OHE), ഓക്‌സിലറി പവർ സപ്ലൈ, സ്‌കാഡ സിസ്റ്റം, മെട്രോയ്‌ക്കുള്ള അനുബന്ധ ജോലികൾ എന്നിവയ്‌ക്കായുള്ള ബിസിനസ്സ് ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. കൂടാതെ പാത ഇരട്ടിപ്പിക്കലിനും അനുബന്ധ സിവിൽ വർക്കുകൾക്കുമായി പ്രത്യേക ഓർഡർ കമ്പനി നേടിയിട്ടുണ്ട്.
ഒരു ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) സ്ഥാപനമാണ് കെഇസി ഇന്റർനാഷണൽ. പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ & ഗ്യാസ് പൈപ്പ്ലൈനുകൾ, കേബിളുകൾ എന്നി മേഖലകളിൽ ഇതിന് സാന്നിധ്യമുണ്ട്.