
തൃശ്ശൂർ: കോമൺ ഇൻക്യൂബേഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനം ഇന്ന് കേരള കാർഷിക സർവകലാശാലയിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും. കോമൺ ഇൻക്യൂബേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി സജ്ജമാക്കിയിരിക്കുന്ന ആദ്യ കണ്ടെയ്നറിൻ്റെ കയറ്റുമതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഒരു അഗ്രി ബിസിനസ് ഇൻക്യൂബേഷൻ സെന്ററിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിർമിച്ച ഉത്പ്പന്നങ്ങൾ കയറ്റുമതിയ്ക്കായി ഒരുങ്ങുന്നത്. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
വ്യവസായ വകുപ്പും, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനും (കെ-ബിപ്പ്), കേരള കാർഷിക സർവ്വകലാശാലയും സംയുക്തമായാണ് കേരളത്തിൽ പി എം എഫ് എം ഇ പദ്ധതി നടപ്പിലാക്കി വരുന്നത്. 2.75 കോടി രൂപയാണ് പദ്ധതിയുടെ ഇതുവരെയുള്ള മൂലധന വിഹിതം അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മൂലധന നിക്ഷേപം നടത്താതെ തന്നെ സംരംഭകത്വ ആശയങ്ങൾ പരീക്ഷിക്കുന്നതിനും, ആശയത്തിൻ്റെ പ്രായോഗികതയ്ക്കനുസരിച്ച് പിന്നീട് വിപുലീകരിക്കുന്നതിനും, സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നേടിയെടുക്കുന്നതിനും ഇത്തരം കോമൺ ഇൻക്യൂബേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്ന് കേരള കാർഷിക സർവകലാശാല വൈസ്ചാൻസലറും കാർഷിക ഉത്പ്പാദന കമ്മീഷണറുമായ ഡോ. ബി അശോക് ഐഎഎസ് അഭിപ്രായപ്പെട്ടു.
സർവകലാശാല ക്യാംപസുകളിൽ ഇത്തരത്തിൽ വ്യവസായ പാർക്കുകൾ നിലവിൽ വരുന്നത് വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചി വളർത്തിയെടുക്കുവാനും നൈപുണ്യ വികസനത്തിനും ഏറെ സഹായകരമാകുമെന്ന് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. കെപി സുധീർ പറഞ്ഞു.