എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കല്യാൺ ജ്വല്ലേഴ്സിന്റെ വരുമാനത്തിൽ 42% മുന്നേറ്റം

തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ 42% സംയോജിത വരുമാന വളർച്ച രേഖപ്പെടുത്തി.

ഇന്ത്യയിൽ നിന്നുള്ള വരുമാനവും 42% ഉയർന്നുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കഴിഞ്ഞപാദ ബിസിനസ് അപ്ഡേറ്റിൽ കമ്പനി വ്യക്തമാക്കി. ഉത്സവകാലത്ത് ആഭരണങ്ങൾക്ക് ലഭിച്ച ശക്തമായ ഡിമാൻഡാണ് വരുമാനക്കുതിപ്പിന് വഴിയൊരുക്കിയത്.

സ്വർണാഭരണം, കല്ലുപതിപ്പിച്ച ആഭരണം തുടങ്ങിയവയ്ക്ക് മികച്ച വിൽപനയുണ്ടായി. കഴിഞ്ഞപാദത്തിൽ സ്വന്തം സ്റ്റോറുകളിൽ (സെയിം സ്റ്റോർ സെയിൽസ് ഗ്രോത്ത്) നിന്ന് മാത്രമുള്ള വരുമാനം 27 ശതമാനവും വർധിച്ചു.

വിദേശത്തെ സ്റ്റോറുകളിൽ നിന്നുള്ള വരുമാന വളർച്ച 36%. ഇതിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള മാത്രം വളർച്ച 28 ശതമാനമാണ്. കമ്പനിയുടെ മൊത്തം വരുമാനത്തിൽ‌ 11 ശതമാനമാണ് വിദേശ സ്റ്റോറുകളുടെ പങ്ക്.

കല്യാണിന്റെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ നേടിയ വരുമാനക്കുതിപ്പ് 147%. കഴിഞ്ഞപാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യയിൽ പുതുതായി 21 ഷോറൂമുകളും വിദേശത്ത് യുകെയിൽ ഒന്നും തുറന്നു.

ഇന്ത്യയിൽ 14 പുതിയ കാൻഡിയൽ ഷോറൂമുകളും പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ഡിസംബറിലെ കണക്കുപ്രകാരം ആകെ 469 ഷോറൂമുകൾ കല്യാൺ ജ്വല്ലേഴ്സിനുണ്ട്. ഇന്ത്യയിൽ 318. മിഡിൽ ഈസ്റ്റിൽ 38. യുഎസിൽ 2, യുകെയിൽ ഒന്ന്. കാൻഡിയറിന് ആകെ 110.

കഴിഞ്ഞവർഷം ജനുവരി 6ലെ 793.45 രൂപയാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ മാർച്ച് 11ലെ 399.40 രൂപ. 53,295 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ 28% താഴെപ്പോയെങ്കിലും കഴിഞ്ഞ ഒരുമാസത്തിനിടെ 7% തിരിച്ചുകയറി.

കേരളത്തിൽ നിന്ന് ഓഹരി വിപണിയിലെത്തിയ കമ്പനികളിൽ, ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനികളിലൊന്നുമാണ് കല്യാൺ ജ്വല്ലേഴ്സ്.

X
Top