
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ കൽപ്പതരു ലിമിറ്റഡിന്റെ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) ജൂൺ 24ന് തുടങ്ങും. ജൂൺ 26 വരെയാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യാവുന്നത്.
387-414 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. 36 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് ഒന്നിന് കൽപ്പതരുവിന്റെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1590 കോടി രൂപയാണ് കൽപ്പതരു ലിമിറ്റഡ് ഐപിഒ വഴി സമാഹരിക്കുന്നത്. ഇതിനായി 3.84 കോടി ഓഹരികളാണ് വിൽക്കുന്നത്. പൂർണമായും പുതിയ ഓഹരികളുടെ വില്പനയാണ് നടത്തുന്നത്. ഓഫർ ഫോർ സെയിൽ വഴി നിലവിലുള്ള ഓഹരി ഉടമകളോ പ്രൊമോട്ടർമാരോ ഓഹരികൾ വിൽക്കുന്നില്ല.
ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും ബിസിനസ്സിന്റെ വളർച്ചക്കും വിനിയോഗിക്കും. കൽപ്പതരു ഗ്രൂപ്പിന്റെ ഭാഗമായി 1988ൽ സ്ഥാപിതമായ കൽപ്പതരു ലിമിറ്റഡ് ഇതുവരെ 70 റിയൽ എസ്റ്റേറ്റ് പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ 40 പദ്ധതികളുടെ പ്രവർത്തനം നടത്തിവരികയാണ്. മുംബൈ, പൂനെ, ഹൈദരാബാദ്, ബംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിലാണ് പ്രധാനമായും കമ്പനിക്ക് സാന്നിധ്യം ഉള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 5.51 കോടി രൂപ ലാഭമാണ് കമ്പനി കൈവരിച്ചത്. അതേ സമയം മുൻവർഷങ്ങളിൽ കമ്പനി നഷ്ടമാണ് നേരിട്ടത്.
2023-24 സാമ്പത്തിക വർഷത്തിൽ 116.51 കോടി രൂപയും 2021-22 സാമ്പത്തിക വർഷത്തിൽ 229.43 കോടി രൂപയും ആയിരുന്നു നഷ്ടം.