
കേരളത്തിന്റെ യുദ്ധകലകളില്‍ ഏറ്റവും പഴക്കമേറിയതും ആത്മീയതയും അച്ചടക്കവും നിറഞ്ഞതുമായ കലാരൂപമാണ് കളരിപ്പയറ്റ്. മലബാറിന്റെ മണ്ണില്‍ ജനിച്ച ഈ യുദ്ധകല, ശരീരത്തിന്റെയും മനസ്സിന്റെയും ഏകീകരണം ലക്ഷ്യമാക്കിയ ഒരു ജീവിതശൈലിയാണ്. വടക്കന്‍ പാട്ടുകളിലും ചരിത്ര കഥകളിലും വീരനാരികള്‍ക്കും യോദ്ധാക്കള്‍ക്കും പ്രചോദനമായ ഈ കലാരൂപം, കേരളത്തിന്റെ പൈതൃകത്തിലെ അഭിമാനമാണ്. കളരികള്‍ കാലങ്ങളായി ക്ഷേത്രങ്ങളുടെ ഭാഗമായും ഗുരുകുലങ്ങളായുമാണ് നിലകൊണ്ടിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുണയോടെയും സ്വകാര്യ സംരംഭങ്ങളായും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതുവഴി പുതിയ തലമുറയ്ക്ക് ഈ പൈതൃകം നേരിട്ട് പഠിക്കാന്‍ അവസരം ലഭിക്കുന്നു. മലബാര്‍ മേഖലയില്‍ നിന്നാണ് പ്രധാനമായും കളരിപ്പയറ്റിന്റെ പരമ്പരാഗത ശാഖകളും ശൈലികളും രൂപംകൊണ്ടത്. ഇതില്‍ വടക്കന്‍ ശൈലി അതിന്റെ ശാസ്ത്രീയമായ ഘടനയാല്‍ പ്രശസ്തമാണ്.
ഇന്ന് കളരിപ്പയറ്റ് സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിലൂടെ പുനരുജ്ജീവനം നേടുകയാണ്. സ്‌കൂള്‍-കോളെജ് കായകമേളകളില്‍ വര്‍ഷംതോറും നടത്തുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ യുവജനങ്ങള്‍ക്കിടയില്‍ ഈ കലയുടെ പ്രചാരണം ഉറപ്പാക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളും കേരളത്തിലെ കളരികളില്‍ പഠനം ആരംഭിച്ചതോടെ, കളരിപയറ്റ് ലോക തലത്തില്‍ ‘ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്’ എന്ന പുതിയ മുഖം നേടിയിരിക്കുന്നു. കളരിപ്പയറ്റ് കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. മലബാറിന്റെ പാരമ്പര്യത്തെയും കേരളത്തിന്റെ സമഗ്ര സാംസ്‌കാരിക പൈതൃകത്തെയും ബന്ധിപ്പിക്കുന്ന ഈ കലാരൂപം രാജ്യത്തിനകത്തും പുറത്തുമുളള നിരവധി ആയോധനകലകള്‍ക്ക് പ്രചോദനമായി.






