ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മന്ത്രിസഭയുടെ അംഗീകാരം നേടി ജുഡീഷ്യല്‍ സിറ്റി; 1000 കോടി രൂപയുടെ പദ്ധതിയിൽ പ്രതീക്ഷയോടെ തൊഴിൽ, നിക്ഷേപം, റിയൽ എസ്റ്റേറ്റ് മേഖലകളും

കൊച്ചി: കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനുളള നീക്കത്തിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയതായി മന്ത്രി പി രാജീവ്. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ‌ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമാണവും ഉൾപ്പെടെ 1000 കോടി രൂപയിലധികം ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

2023-ൽ നടത്തിയ മുഖ്യമന്ത്രി- ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവർക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്. കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായി ജൂഡീഷ്യൽ സിറ്റി രൂപകല്പന ചെയ്തിരിക്കുന്നു. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും.

ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകല്പന ചെയ്തിട്ടുണ്ട്.

പ്രതീക്ഷയോടെ കളമശ്ശേരി
പദ്ധതി നടപ്പിലായാൽ 1000 കോടി രൂപയ്ക്ക് മുകളിൽ ചെലവ് പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാനത്ത് വൻ നിക്ഷേപമെത്തുമെന്നാണ് വിലയിരുത്തൽ. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കളമശ്ശേരി–ഇടപ്പള്ളി–കാക്കനാട് മേഖലകളിൽ വ്യാപാര, ഗതാഗത, സേവന മേഖലകളുടെ വളർച്ചയ്ക്കും പദ്ധതി പ്രചോദനമാകും. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ഭാവിയിലെ റിയൽ എസ്റ്റേറ്റ് വിപണിക്കും ഇത് ഗുണകരമാകും. നിയമസേവന മേഖലയിലും പുരോഗതി ഉണ്ടാകും. അഭിഭാഷകരുടെ ചേംബറുകൾ, ആർബിട്രേഷൻ സെന്റർ, റിക്രൂട്ട്മെന്റ് സെൽ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതിനാൽ കേരളത്തിൽ ദേശീയ–അന്തർദേശീയ നിയമ സ്ഥാപനങ്ങളെ ആകർഷിക്കാൻ ജുഡീഷ്യൽ സിറ്റിക്ക് കഴിയും. ഇത് നിയമ പഠനം, നിയവ ഗവേഷണം തുടങ്ങിയ  മേഖലകളിലും പുതിയ സാധ്യതകൾ തുറക്കും. ഹോസ്പിറ്റാലിറ്റി, ഐടി സേവനങ്ങൾ, ഗതാഗതം, വ്യാപാര സൗകര്യങ്ങൾ എന്നിവയുടെ ആവശ്യകത വർധിക്കുന്നതിനാൽ പ്രദേശത്തെ ചെറിയ-ഇടത്തരം വ്യാപാരികൾക്കും നേരിട്ടുള്ള ഗുണം ലഭിക്കും. കളമശ്ശേരിയെ ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നിയമ-സാമ്പത്തിക കേന്ദ്രമായി ഉയർത്താൻ ജുഡീഷ്യൽ സിറ്റിക്ക് നിർണായ പങ്ക് വഹിക്കാനാകു.

X
Top