
മുംബൈ: ശതകോടീശ്വരൻ സാജൻ ജിഡാൻ നേതൃത്വം നൽകുന്ന ജെഎസ്ഡബ്ല്യു മോട്ടോഴ്സ് പ്ലഗ് ഇൻ ഇലക്ട്രിക് ഹൈബ്രിഡ് (പിഎച്ച്ഇവി) എസ്‌യുവിയിലൂടെ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ പ്രവേശിക്കുന്നു.
ഈ വർഷം ജൂണിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും ഇലക്ട്രിക് ആയ വാഹനങ്ങൾക്കു പകരം ഇന്ധനവും വൈദ്യുതിയും ഉപയോഗിക്കാവുന്ന വാഹനമാണ് കന്പനി പുറത്തിറക്കുന്നത്.
ഏകദേശം 45 ലക്ഷം രൂപയായിരിക്കും ഇതിന്‍റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ മറ്റ് എസ് യുവി നിർമാതാക്കൾ മാസ് വിപണിയെ ലക്ഷ്യമിട്ട് 10 മുതൽ 30 ലക്ഷം രൂപയുടെ വിഭാഗത്തിലുള്ള വാഹനങ്ങൾ ഇറക്കുമ്പോൾ ജെഎസ്ഡബ്ല്യു നേരിട്ട് പ്രീമിയം വിഭാഗത്തിലേക്കു കടക്കുകയാണ്.
ബിഎംഡബ്ല്യു, മേഴ്സിഡസ് ബെൻസ് തുടങ്ങിയ ആഗോള ആഡംബര കാർ നിർമാതാക്കളുമായിട്ടാകും മത്സരം. നിലവിൽ ഇത്തരം പിഎച്ച്ഇവികൾ വില്ക്കുന്നത് ആഡംബര ബ്രാൻഡുകൾ മാത്രമാണ്. ജെഎസ്ഡബ്ല്യുവിന്‍റെ ഈ എസ്‌യുവി ആദ്യത്തെ ഇന്ത്യൻ നിർമിത പിഎച്ച്ഇവിയാകും.
ഈ എസ്‌യുവി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ സജ്ജമായിക്കൊണ്ടിരിക്കുന്ന ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്‍റെ പുതിയ നിർമാണ കേന്ദ്രത്തിൽനിന്നാണ് പുറത്തിറങ്ങുകയെന്ന് കമ്പനി സ്ഥിരീകരിച്ചു.






