
ചൈനീസ് കാര്‍ നിര്‍മാതാക്കളായ ചെറിയുമായി സഹകരിക്കാനും ഇന്ത്യന്‍ വിപണിയിലേക്ക് വരാനുമുള്ള തീരുമാനം അടുത്തിടെയാണ് ജെഎസ്ഡബ്ല്യു പ്രഖ്യാപിച്ചത്. ചെറി കാറുകള്‍ റീബാഡ്ജ് ചെയ്തുകൊണ്ട് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നതാണ് തന്ത്രമെന്നും ജെഎസ്ഡബ്ല്യു അറിയിച്ചിരുന്നു. ജെഎസ്ഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന രണ്ടു കാറുകളിലൊന്ന് പ്ലഗ് ഇന്‍ ഹൈബ്രിഡും മറ്റൊന്ന് ഐകാര്‍ വി23 എസ്‌യുവി എന്ന ഇവി മോഡലുമാണ്.
ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഇവി കാറിനെ ചൈനയില്‍ പോയി കണ്ടു വന്നിരിക്കുകയാണ് രണ്ട് ബ്രിട്ടീഷ് വ്‌ളോഗര്‍മാര്‍. അവരുടെ വീല്‍സ്‌ബോയ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം ചൈനീസ് കാറുകളേയും പോലെ ഐകാര്‍ വി23യും ബോക്‌സി ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്.
വാഹനത്തിന്റെ ബോഡി കളറില്‍ തന്നെയാണ് ഗ്രീല്‍. വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ഇന്‍ഡിക്കേറ്ററുകളും നല്‍കിയിരിക്കുന്നു. എസ് യുവി ലുക്ക് നല്‍കുന്നതാണ് മുന്നിലെ ബംപര്‍. കറുപ്പില്‍ 21 ഇഞ്ചിന്റെ 5 സ്‌പോക്ക് അലോയ് വീല്‍. വശങ്ങളില്‍ നിന്നുള്ള ലുക്കില്‍ ഡിഫെന്‍ഡറിന്റേയും റൂബികോണിന്റേയും സാമ്യത ഒരുപോലെ തോന്നിപ്പിക്കുന്നുണ്ട്. വാഹനത്തിന്റെ ഉള്ളില്‍ നിന്നും തുറക്കാനാവുന്ന പ്രത്യേക സ്റ്റോറേജ് സംവിധാനവുമുണ്ട്.
ബജറ്റ് ഇവി വിഭാഗത്തില്‍ പെടുന്നതിനാല്‍ തന്നെ ഹെഡ് അപ് ഡിസ്‌പ്ലേ, പനോരമിക് റൂഫ് പോലുള്ള പല ഫീച്ചറുകളും മിസ്സിങാണ്. എങ്കിലും വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിട്ടുണ്ട്. എസിക്കായും ശബ്ദം കൂട്ടാനും കുറക്കാനും ലൈറ്റിനുമൊക്കെ ഫിസിക്കല്‍ ബട്ടണുകളാണ് നല്‍കിയിട്ടുള്ളത്.
ഡിഫന്‍ഡറിനോട് സാമ്യതയുണ്ട് സ്റ്റീറിങ് വീലിന്. സെന്റര്‍ കണ്‍സോളിലും സീറ്റിനടിയിലുമായി സ്‌റ്റോറേജ് സൗകര്യങ്ങളുണ്ട്. വാഹനത്തിന്റെ ഉള്ളിലെ സ്ഥലസൗകര്യവും യാത്രാ സുഖവും മികച്ചതാണെന്നാണ് വ്‌ളോഗര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
അതേസമയം ആവശ്യത്തിന് യുഎസ്ബി പോട്ടുകളും വയര്‍ലെസ് ഫോണ്‍ ചാര്‍ജറും ഇല്ലെന്നും ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
59.93kWh, 81.76kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് രാജ്യാന്തര വിപണിയില്‍ ഐകാര്‍ വി23 എത്തുന്നത്. റേഞ്ച് 400-500 കിലോമീറ്റര്‍. ചെറു ബാറ്ററി വകഭേദത്തില്‍ റിയര്‍ വീല്‍ ഡ്രൈവും വലുതില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ഇന്ത്യന്‍ വിപണിക്കു യോജിച്ച രീതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഐകാര്‍ വി23ല്‍ ജെഎസ്ഡബ്ല്യു കൊണ്ടുവരുമെന്ന് കാത്തിരുന്നു കാണാം.






