
കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ നികുതിക്കു ശേഷമുള്ള ലാഭം 454 കോടി രൂപയായി വര്‍ധിച്ചു.
എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന ഈ നേട്ടം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 171 കോടിയേക്കാള്‍ 166 ശതമാനം കൂടുതലാണ്.
കമ്പനിയുടെ മൊത്ത വരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വരുമാനം 1,093 കോടി രൂപയായിരുന്നു. മൊത്തം ചിലവുകള്‍ 529 കോടിയായി കുറഞ്ഞിട്ടുണ്ട്.
കമ്പനിയുടെ മൊത്തം ആസ്തി 10,000 കോടി രൂപയായി ഉയര്‍ന്നു. ഷെയര്‍ വില 4 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് വായ്പകളും കിട്ടാക്കടങ്ങളും തിരിച്ചു പിടിക്കുന്നതില്‍ കമ്പനിയുടെ തന്ത്രങ്ങള്‍ വിജയം കണ്ടതായി പാദഫലങ്ങള്‍ പ്രഖ്യാപിക്കവേ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി പറഞ്ഞു.