
മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ 2022 സെപ്റ്റംബർ പാദത്തിൽ ചില്ലറ വിൽപ്പനയിൽ 4.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ 88,121 യൂണിറ്റിന്റെ വിൽപ്പനയാണ് കമ്പനി നടത്തിയത്. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനി 92,710 യൂണിറ്റിന്റെ റീട്ടെയിൽ വിൽപ്പന രേഖപ്പെടുത്തിയിരുന്നു.
അതിൽ ജാഗ്വാർ ബ്രാൻഡിന്റെ വിൽപ്പന രണ്ടാം പാദത്തിൽ 17,340 യൂണിറ്റായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 19,248 യൂണിറ്റായിരുന്നു. സമാനമായി, ലാൻഡ് റോവർ ബ്രാൻഡിന്റെ വിൽപ്പന മുൻ വർഷം ഇതേ പാദത്തിലെ 73,462 യൂണിറ്റിൽ നിന്ന് 3.65 ശതമാനം ഇടിഞ്ഞ് 70,781 യൂണിറ്റായി കുറഞ്ഞു.
അർദ്ധചാലക ക്ഷാമം മൂലമാണ് വിൽപ്പനയിലെ ഈ ഇടിവ് സംഭവിച്ചതെന്നും. പ്രശ്‌നം ഇതുവരെ പൂർണ്ണമായി പരിഹരിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ആഗോള റീട്ടെയിൽ ഓർഡറുകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായി കമ്പനി കൂട്ടിച്ചേർത്തു.
2022 സെപ്റ്റംബർ 30 വരെയുള്ള കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 2.05 ലക്ഷം യൂണിറ്റാണ്. പുതിയ റേഞ്ച് റോവർ, പുതിയ റേഞ്ച് റോവർ സ്‌പോർട്‌സ്, ഡിഫൻഡർ എന്നിവയ്‌ക്കുള്ള ആവശ്യം ശക്തമായി തുടരുന്നതായും. 2.05 ലക്ഷം ഓർഡറുകളിൽ 1.45 ലക്ഷത്തിലധികവും ഈ മോഡലുകൾക്കുള്ളതാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.