
കോട്ടയം: കുമരകത്ത് നടന്ന ദ്വിദിന ദേശീയ ശില്പശാലയിൽ അവതരിപ്പിച്ച നൂതന ആശയങ്ങൾ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ രാജ്യ വ്യാപകമായി ഏകീകൃത മാതൃകയില്‍ നടപ്പാക്കാൻ സംസ്ഥാനങ്ങൾ ഒരുങ്ങുന്നു. ഇതുവഴി രാജ്യത്തെ ഡിജിറ്റൽ വിടവ് പരിഹരിക്കാനും ആയുഷ് മേഖലയുടെ പ്രചാരം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ആയുഷ് വകുപ്പും ആയുഷ് മിഷൻ കേരളയും സംയുക്തമായായി നടത്തിയ ‘ഐടി സൊല്യൂഷൻസ് ഫോർ ആയുഷ് സെക്ടർ’ ശില്പശാല സമാപിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ 29 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്‌ധരും പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഡിജിറ്റലൈസേഷൻ നടപടികളിൽ അത്യാധുനിക സാങ്കേതികവിദ്യ സമന്വയിപ്പിക്കാനുമുള്ള നടപടികൾ എടുക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. മണിപ്പൂരിലെ 24 ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് വലിയ മാറ്റം വരുത്താൻ ശില്പശാല പ്രചോദനമായെന്ന് മണിപ്പൂർ ഡയറക്ടറേറ്റ് ഓഫ് ആയുഷ് അഡീഷണൽ ഡയറക്ടർ ഡോ. ബിശ്വനാഥ് ശർമ്മ പറഞ്ഞു. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി, ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം നടപ്പാക്കാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. ആയുഷ് മേഖലയിൽ വലിയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും രാജ്യതലസ്ഥാനമായ ഡൽഹി, മിക്ക സേവനങ്ങൾക്കും ഇപ്പോഴും പരമ്പരാഗത രീതികളെയാണ് ആശ്രയിക്കുന്നതെന്ന് ഡൽഹിയിൽനിന്നുള്ള ആയുഷ് കൺസൾട്ടൻറ് ഡോ. അഖിലേഷ് വസിഷ്ഠ പറഞ്ഞു. ഇതിന് മാറ്റം വരുത്തേണ്ടതുണ്ടെന്നും, അതിനായി ശില്പശാല പുതിയ ആശയങ്ങൾ നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐടി മേഖലയിലെ കേരളത്തിൻറെ മുന്നേറ്റത്തെ “അത്ഭുതകരം” എന്ന് വിശേഷിപ്പിച്ചു ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ. സംസ്ഥാനങ്ങൾക്ക് ഇത്രയും അത്ഭുതകരമായ സംരംഭങ്ങൾ നടത്താൻ കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, എന്ന് കൂട്ടിച്ചേർത്തു. തങ്ങളുടെ സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളിൽ നിലവിലുള്ള ഡ്രഗ്സ് ആൻഡ് വാക്സിൻ ഡിസ്ട്രിബ്യൂഷൻ മാനേജ്മെന്റ് സിസ്റ്റത്തെ കേരളത്തിൽ വികസിപ്പിച്ച അഹിംസ് 2.0 എന്ന സമഗ്ര ഐടി പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചാൽ കൂടുതൽ പ്രയോജനങ്ങളുണ്ടാകുമെന്ന് ഝാർഖണ്ഡ് പ്രതിനിധികൾ പറഞ്ഞു. ഒപിഡി, കാഷ്വാലിറ്റി വകുപ്പുകളിൽ രോഗികളുടെ രജിസ്ട്രേഷൻ അപ്പോയിന്റ്‌മെന്റു ബുക്കിംഗ്, റദ്ദാക്കൽ എന്നിവയ്ക്ക് ഇ-ഹോസ്പിറ്റൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ കഴിയുമെന്ന് ഗുജറാത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങളുടെ മാനവ വിഭവശേഷി മൊഡ്യൂളുകളിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള ആശയങ്ങളും ശില്പശാലയിൽനിന്ന് ലഭിച്ചുവെന്ന് ഗുജറാത്ത് ആയുഷ് ഡയറക്ടർ ജയേഷ് എം. പർമാർ പറഞ്ഞു.






