
കോട്ടയം: ആയുഷ് മേഖലയ്ക്ക് വേണ്ടിയുള്ള ഐടി സൊല്യൂഷനുകള്‍ എന്ന വിഷയത്തില്‍ വ്യാഴം, വെളളി ദിവസങ്ങളില്‍ കുമരകത്ത് ദേശീയ ശില്പശാല നടത്തുന്നു. വ്യാഴാഴ്ച രാവിലെ 9.30ന് ആരോഗ്യ, വനിതാ-ശിശുവികസന മന്ത്രി വീണ ജോര്‍ജ് ശില്പശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കുമരകത്തെ കെടിഡിസി വാട്ടര്‍സ്കേപ്സിലാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള ആയുഷ് സേവനങ്ങള്‍ക്ക് ഏകീകൃത ഡിജിറ്റല്‍ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശില്‍പ്പശാലയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ആയുഷ് മേഖലയിലെ ഐടി അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങളെ സംബന്ധിച്ചുള്ള വകുപ്പുതല ഉച്ചകോടിയില്‍ നോഡല്‍ സംസ്ഥാനമായി നേരത്തേ തന്നെ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. ഡിജിറ്റല്‍ രംഗത്ത് സംസ്ഥാനം നേടിയ മുന്നേറ്റങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. ആയുഷ് മേഖലയിലെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സമഗ്രവും ഏകീകൃതവും പരസ്പരം ബന്ധിപ്പിക്കാവുന്നതുമായ ഡിജിറ്റല്‍ ചട്ടക്കൂട് നിര്‍മ്മിക്കുക, ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റവുമായി അതിനെ യോജിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്പശാല വേദിയാകും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഐടി വിഭാഗം മേധാവികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് ഇ-ഗവേണന്‍സ് രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും. ആയുഷ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വേഗത്തില്‍ എത്തിക്കുന്നതിനുമായി വിഷയാധിഷ്ഠിത ശില്‍പ്പശാലകള്‍ സംഘടിപ്പിക്കണമെന്ന് നീതി ആയോഗ് വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
‘നാഷണല്‍ ആയുഷ് മിഷനും സംസ്ഥാനങ്ങളുടെ ശേഷീവര്‍ധനവും’ എന്നതാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായ വിഷയം. തുടര്‍ന്ന് ആയുഷ് മേഖലയില്‍ ഐടി പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ സംബന്ധിച്ച് കേരളം അവതരണം നടത്തി. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കും രൂപരേഖ തയ്യാറാക്കുന്നതിനുമായി ശില്പശാല സംഘടിപ്പിക്കുവാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചു. ശില്പശാലയുടെ ഭാഗമായി സാങ്കേതിക അവതരണങ്ങളും ലൈവ് ഡെമോണ്‍സ്ട്രേഷനുകളും നടക്കും. ശില്പശാലയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് സെപ്റ്റംബര്‍ 20,21 തീയതികളില്‍ തിരഞ്ഞെടുത്ത മാതൃകാ ആയുഷ് സ്ഥാപനങ്ങളിലേക്ക് സന്ദര്‍ശനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനം നടപ്പാക്കുന്ന വിവിധ സേവന മാതൃകകളെക്കുറിച്ച് നേരിട്ട് മനസിലാക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. ആയുര്‍വേദം, യോഗയും നാച്ചുറോപ്പതിയും യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രാലയമാണ് ആയുഷ്.