
തിരുവനന്തപുരം: വീണ്ടുമൊരു ഇന്ത്യ-റഷ്യ റോക്കറ്റ് എഞ്ചിൻ കരാർ വരുന്നു. റഷ്യയിൽ നിന്ന് ഐഎസ്ആർഒ സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും. റോസ്കോസ്മോസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വാങ്ങുന്ന എഞ്ചിനുകൾ എൽവിഎം 3 റോക്കറ്റിലാണ് ഉപയോഗിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സെമി ക്രയോ എഞ്ചിൻ തയ്യാറാകും വരെയാകും റഷ്യൻ എഞ്ചിന്റെ ഉപയോഗം. കുറച്ച് വർഷങ്ങളായി അടക്കം പറഞ്ഞുകേട്ട വാർത്ത ഒടുവിൽ ഔദ്യോഗികമാകുന്നു. റഷ്യൻ കമ്പനി എൻപിഒ എനർഗോമാഷ് വികസിപ്പിച്ച സെമി ക്രയോ എഞ്ചിൻ ( ആർ ഡി 191 ) ഇന്ത്യ വാങ്ങും. നിശ്ചിത എണ്ണം എഞ്ചിനുകൾ മാത്രമാണ് ഇറക്കുമതി ചെയ്യുകയെന്നാണ് പ്രാഥമിക വിവരം. തദ്ദേശീയ എഞ്ചിൻ വികസന പദ്ധതി സമാന്തരമായി പുരോഗമിക്കുമെന്നാണ് ഐഎസ്ആർഒ വൃത്തങ്ങൾ പറയുന്നത്.
മണ്ണെണ്ണയും ദ്രവീകൃത ഓക്സിജനും ഇന്ധനമായി ഉപയോഗിക്കുന്ന എഞ്ചിനുകളാണ് സെമി ക്രയോ എഞ്ചിനുകൾ. എൽവിഎം 3 എന്ന ഇന്ത്യയുടെ എറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് റഷ്യൻ എഞ്ചിനുകൾ കൂട്ടിച്ചേർക്കുക. നിലവിൽ രണ്ട് വികാസ് എഞ്ചിനുകൾ ഉപയോഗിക്കുന്ന എൽ 110 എന്ന ദ്രവ ഇന്ധന സ്റ്റേജാണ് എൽവിഎം 3യിലുള്ളത്. അതിന് പകരം രണ്ട് റഷ്യൻ സെമി ക്രയോ എഞ്ചിനുകളുള്ള എസ് സി 120 സ്റ്റേജ് എത്തുന്പോൾ റോക്കറ്റിന്റെ ശേഷി കൂടും. നിലവിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് പതിനായിരം കിലോഗ്രാം ഭാരവും, ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് നാലായിരത്തി ഇരുന്നൂറ് കിലോഗ്രാമും അയക്കാൻ കെൽപ്പുള്ള റോക്കറ്റാണ് എൽവിഎം 3. ഇത് വർദ്ധിപ്പിക്കാൻ സ്വന്തം നിലയ്ക്ക് സെമി ക്രയോജനിക് എഞ്ചിനും കൂടുതൽ കരുത്തുള്ള ക്രയോജനിക് ഘട്ടവും വികസിപ്പിക്കാൻ ഐഎസ്ആർഒ നേരത്തെ തീരുമാനിച്ചിരുന്നു. സെമി ക്രയോജനിക് എഞ്ചിൻ വികസനം 2006ഓടെ തുടങ്ങി, 2009ൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുമതി നൽകി. എഞ്ചിൻ പരീക്ഷണങ്ങൾക്കായി ഐഎസ്ആർഒ യുക്രെയ്നുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും യുദ്ധം തുടങ്ങിയതോടെ അത് നടന്നില്ല.
പിന്നീട് ഇസ്രൊ സ്വന്തം നിലയ്ക്ക് മഹേന്ദ്രഗിരിയിൽ സെമിക്രയോജനിക് എഞ്ചിൻ പരീക്ഷണ സംവിധാനങ്ങൾ തയ്യാറാക്കി. അവസാനത്തെ പവർഹെഡ് ടെസ്റ്റ് ആർട്ടിക്കിൽ ടെസ്റ്റ് നടന്നത് 2025 മേയ് മാസം അവസാനമാണ്. എസ് ഇ 2000 എന്ന് പേരിട്ടിരിക്കുന്ന ഈ എഞ്ചിൻ സന്പൂർണ്ണ സജ്ജമാകാൻ ഇനിയും വർഷങ്ങളെടുക്കുമെന്നാണ് അനുമാനം. ചന്ദ്രയാൻ നാലും, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ മൊഡ്യൂളുകളുടെ വിക്ഷേപണവും അടക്കം ഭാരിച്ച ജോലികൾ എൽവിഎം 3 വച്ച് ചെയ്യണമെങ്കിൽ നിലവിലെ ശേഷി വച്ച് പറ്റില്ല. സെമി ക്രയോ എഞ്ചിൻ തയ്യാറാകും വരെ ദൗത്യങ്ങൾ വൈകിക്കാനും കഴിയില്ല. അത് കൊണ്ടാണ് തൽക്കാലം റഷ്യൻ എഞ്ചിനുകൾ ഉപയോഗിക്കാനുള്ള തീരുമാനം. എഞ്ചിൻ ഉപയോഗിക്കാനുള്ള എസ് സി 120 സ്റ്റേജ് ഐഎസ്ആർഒ തന്നെ നിർമ്മിക്കും.






