
ന്യൂഡൽഹി: വാണിജ്യപങ്കാളിയെ കണ്ടെത്തുന്നതിൽ വന്ന പ്രതിസന്ധിയും കേസുകളും മൂലമുണ്ടായ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് കിക്കോഫ്. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ അനിശ്ചിതത്വം നീങ്ങിയത്.
ഐഎസ്എൽ പുതിയ സീസൺ ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യ അറിയിച്ചു. കായിക മന്ത്രാലയവും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും 14 ക്ലബ്ബുകളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. മത്സരക്രമം പിന്നീട് പുറത്തുവിടും.
14 ക്ലബ്ബുകളും പങ്കെടുക്കുമെന്നും മൻസൂക് മാണ്ഡവ്യ വ്യക്തമാക്കി. സ്വിസ് മൊഡ്യൂൾ സിസ്റ്റത്തിൽ ഹോം-ആൻഡ്-എവേ ഫോർമാറ്റിൽ തന്നെയാകും മത്സരങ്ങൾ. 91 മത്സരങ്ങളുണ്ടാകും. സീസണിൽ മത്സരങ്ങൾ വെട്ടുക്കുറച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഐഎസ്എൽ നടത്തിപ്പിന് 25 കോടി രൂപ ചെലവ് വരുമെന്നെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. എഐഎഫ്എഫും വാണിജ്യ പങ്കാളിയും ചേർന്നാണ് ഈ തുക കണ്ടെത്തുക. വാണിജ്യ പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ വന്നാൽ ഫെഡറേഷൻ 14 കോടിരൂപ ടൂർണമെന്റിനായി മാറ്റിവെയ്ക്കും.
റിലയൻസ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡായിരുന്നു (എഫ്എസ്ഡിഎൽ) ഐഎസ്എൽ നടത്തിപ്പുകാർ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് (എംആർഎ) പുതുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണത്തെ സീസൺ മാറ്റിവെയ്ക്കാനുള്ള തീരുമാനം.
കരാർ പുതുക്കാതെ ഐഎസ്എൽ സീസൺ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎൽ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് 2025 സെപ്റ്റംബറിൽ ആരംഭിക്കേണ്ട ടൂർണമെന്റ് നീണ്ടുപോയത്.
ഫെഡറേഷനും എഫ്എസ്ഡിഎലുമായുള്ള കരാർ ഡിസംബറിൽ അവസാനിച്ചിരുന്നു. കരാർ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും നടന്നിരുന്നില്ല. കരാറനുസരിച്ച് എഫ്എസ്ഡിഎൽ വർഷത്തിൽ 50 കോടി രൂപ ഫെഡറേഷന് നൽകുന്നുണ്ട്.
പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉൾപ്പെടെയുള്ള വാണിജ്യ അവകാശങ്ങൾ എഫ്എസ്ഡിഎലിന് ലഭിക്കും. ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികൾ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീംകോടതി നിർദേശവും കരാർ പുതുക്കുന്നതിന് തടസമായിരുന്നു.
ഇതോടെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു.






