ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇറാൻ പ്രക്ഷോഭം; ബസുമതി കയറ്റുമതി പ്രതിസന്ധിയിൽ

ന്യൂഡൽഹി: ഇറാനിലെ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം ഇന്ത്യയിൽനിന്നുള്ള ബസുമതി അരി കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി വ്യവസായ സംഘടന.

ഇതേത്തുടർന്ന് ഇന്ത്യയിൽ അരി വില കുത്തനെ ഇടിയാൻ കാരണമായതായും വ്യവസായ സംഘടന അറിയിച്ചു. പ്രക്ഷോഭത്തെത്തുടർന്നു പണം ലഭിക്കാനുള്ള കാലതാമസവും വർധിച്ചുവരുന്ന അനിശ്ചിതത്വവും കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.

ഇറാനുമായുള്ള വ്യാപാരക്കരാറുകളിലെ അപകടസാധ്യതകൾ പുനഃപരിശോധിക്കണമെന്നും സുരക്ഷിതമായ പണമിടപാട് രീതി സ്വീകരിക്കണമെന്നും ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷൻ (ഐആർഇഎഫ്) കയറ്റുമതിക്കാർക്ക് നിർദേശം നല്കി. ഇറാൻ വിപണി ലക്ഷ്യമിട്ട് അമിതമായി അരി ശേഖരിച്ചുവയ്ക്കുന്നതിനെതിരേ സംഘടന മുന്നറിയിപ്പ് നൽകി.

2025-26 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽനിന്ന് ഇറാനിലേക്ക് 468.10 മില്യണ്‍ ഡോളർ മൂല്യമുള്ള 5.99 ലക്ഷം ടണ്‍ ബസുമതി അരി കയറ്റിയയച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി വിപണിയാണ് ഇറാൻ. എന്നാൽ, നടപ്പു സാന്പത്തികവർഷം ഇറാനിലെ സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതകാരണം ഓർഡറുകൾ ലഭിക്കുന്നതിനും പണമിടപാടുകളിലും കപ്പൽ ഗതാഗതത്തിലും വലിയ തോതിൽ തടസങ്ങളുണ്ടായി.

2024-25ൽ ഇന്ത്യ 8897 കോടി രൂപ മൂല്യത്തിലുള്ള കാർഷിക ഉത്പന്നങ്ങളാണ് ഇറാനിലേക്ക് കയറ്റിയയച്ചത്. ബസുമതി അരിയിൽ നിന്ന് മാത്രം 6374 കോടി രൂപ ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയിൽ ഇറാന്‍റെ പങ്ക് 12.7 ശതമാനമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ഇത് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാൻ നാണയം റിയാലിന്‍റെ മൂല്യം ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലായതിനാൽ പണമിടപാട് പ്രതിസന്ധിയിലാണ്. 2000 കോടി രൂപവരെയുള്ള ബസുമതി അരി ചരക്കുകൾ ഗുജറാത്തിലെ കണ്ട്‌‌ല, മുന്ദ്ര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.

ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിന്‍റെ ആഘാതം ഇന്ത്യൻ വിപണി നേരിടുകയാണ്. രാജ്യത്ത് പ്രധാന ബസുമതി അരി ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. അരി വാങ്ങാൻ വ്യാപാരികൾ കാണിക്കുന്ന വിമുഖതയും കരാറുകൾ വൈകുന്നതും കയറ്റുമതിക്കാർക്കിടയിൽ വർധിച്ചുവരുന്ന ആശങ്കകളുമാണ് വിലയിടിവിനു കാരണമായിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാന അരിയിനങ്ങളുടെ വില കിലോയ്ക്ക് അഞ്ചു മുതൽ പത്തു രൂപ വരെ കുറഞ്ഞു. ബസുമതി അരിയിനം 1121ന്‍റെ വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 85 രൂപയിൽനിന്ന് 80ലെത്തി. 1509ന്‍റെയും 1718ന്‍റെ വില 70 രൂപയിൽനിന്ന് 65ലെത്തി.

ചരിത്രപരമായി ഇന്ത്യൻ ബസുമതി അരിയുടെ പ്രധാന വിപണിയാണ് ഇറാൻ. എന്നാൽ, നിലവിലെ ആഭ്യന്തര പ്രക്ഷോഭം വ്യാപാരവഴികളെ തടസപ്പെടുത്തുകയും പണമിടപാടുകൾ മന്ദഗതിയിലാക്കുകയും വാങ്ങുന്നവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് ഐആർഇഎഫ് ദേശീയ പ്രസിഡന്‍റ് പ്രേം ഗാർഗ് പറഞ്ഞു. കടം നല്കുന്ന കാര്യത്തിലും ചരക്ക് അയയ്ക്കുന്ന കാര്യത്തിലും കയറ്റുമതിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ നിലവിലുള്ള കരാറുകൾ പാലിക്കാനോ ഇന്ത്യയിലേക്ക് പണമയയ്ക്കാനോ സാധിക്കില്ലെന്ന് ഇറാനിലെ ഇറക്കുമതിക്കാർ അറിയിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഇത് കയറ്റുമതിക്കാർക്കിടയിൽ അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്.

ഇറാനിലേക്കുള്ള കയറ്റുമതി ദീർഘകാലത്തേക്ക് മന്ദഗതിയിലായാൽ പകരം വിപണി പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കണ്ടെത്താൻ ഐആർഇഎഫ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

യുഎസിന്‍റെ തീരുവ ആശങ്കകൾ
ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയേക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തകാലത്ത് നടത്തിയ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

യുഎസിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതിക്ക് നിലവിൽ 50 തീരുവ നല്കേണ്ടിവരുന്നു. മുന്പ് പത്ത് ശതമാനമായിരുന്നു. തീരുവ കുത്തനെ ഉയർന്നിട്ടും കയറ്റുമതിയിൽ ഇടിവുണ്ടായിട്ടില്ല. 2024-25 സാന്പത്തികവർഷം ഒന്നടങ്കം 2,35,554 ടണ്ണിന്‍റെ കയറ്റുമതിയുടെ സ്ഥാനത്ത് 2025-26 സാമ്പത്തികവർഷത്തിലെ ആദ്യഎട്ടു മാസം (ഏപ്രിൽ-നവംബർ) ഇന്ത്യയുടെ യുഎസിലേക്കുള്ള ബസുമതി, ബസുമതി ഇതര അരിയുടെ കയറ്റുമതി 2,40,518 ടണ്ണായി ഉയർന്നു.
ആഗോളതലത്തിൽ ഇന്ത്യ അരിയുടെ പത്താമത്തെ വലിയ വിപണിയും ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയുമാണ് യുഎസ്എ.

മറ്റ് കയറ്റുമതികളും ഭീഷണിയിൽ
ബസുമതി അരിയുടെ കാര്യത്തിൽ മാത്രമല്ല ഇന്ത്യൻ കയറ്റുമതിക്കാർ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ തേയിലയുടെ പ്രധാന വാങ്ങലുകാരാണ് ഇറാൻ. 2024-25ൽ 11,000 ടണ്‍ തേയിലാണ് ഇറക്കുമതി ചെയ്തത്.

കാപ്പി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാലുത്പന്നങ്ങൾ, പയറുവർഗങ്ങൾ, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതി വഴിമുട്ടിയിരിക്കുകയാണ്.

X
Top