
മുംബൈ: അസ്ഥിരതയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും പ്രകടമായിരുന്നിട്ടും പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ), ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റുകള്‍ (ക്യുഐപി) എന്നിവയിലൂടെയുള്ള ധനസമാഹരണം 2025 ന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഏകദേശം 1.30 ലക്ഷം കോടി രൂപയിലെത്തി.
മണികണ്‍ട്രോള്‍ ഡാറ്റ പ്രകാരം, 2025 ല്‍ ഇതുവരെ ആകെ 37 ഐപിഒകളാണ് നടന്നത്. അവ 61,500 കോടി രൂപ സമാഹരിച്ചപ്പോള്‍ 30 ക്യുഐപികള്‍ സമാഹരിച്ചത് 60,000 കോടിയിലധികം രൂപ. എസ്എംഇ വിഭാഗത്തിലെ 126 ഐപിഒകള്‍ ഫണ്ട് ശേഖരണത്തിലേക്ക് 5,618 കോടി രൂപ സംഭാവന ചെയ്തു.
അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സെക്കന്ററി മാര്‍ക്കറ്റില്‍ 1.21 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്. പ്രാഥമിക വിപണിയില്‍ അവര്‍ 35750 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടേയും ചെറുകിട നിക്ഷേപകരുടെയും സാന്നിധ്യവും ശക്തമായിരുന്നു.
2025 ല്‍ ഇതുവരെ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 3.5 ശതമാനവും 4.4 ശതമാനവുമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.7 ശതമാനവും 3.6 ശതമാനവും നഷ്ടപ്പെടുത്തി.
പ്രാഥമിക വിപണിയിലെ സജീവ പങ്കാളിത്തം ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയ്ക്ക് തെളിവാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.