
മുംബൈ: രാജ്യത്ത് ഐപിഎൽ വരുമാനം കുതിച്ചുയരുകയാണ്. 2015-ലെ 40കോടി ഡോളറിൽ നിന്ന് 1640 കോടി ഡോളറായി ഐപിഎൽ വരുമാനം ഉയർന്നു.
ബിസിസിഐയുടെ കണക്കനുസരിച്ച്2024 ൽ ഐപിഎല്ലിന്റെ ബിസിനസ് മൂല്യം വളരെയധികം മുന്നേറി. 2025 ൽ ഇത് 2000 കോടി ഡോളറിലെത്തുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മുൻ ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോദി 2008 ൽ ഫ്രാഞ്ചൈസി അധിഷ്ഠിത ടി -20 ക്രിക്കറ്റിന്റെ ലീഗ് ടൂർണമെന്റായി ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായി മാറിയിരിക്കുകയാണിപ്പോൾ.
നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് മാറ്റുരയ്ക്കാനായി എന്നുമാത്രമല്ല ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എല്ലാ വർഷവും കോടിക്കണക്കിന് ഡോളറിന്റെ വരുമാനം ഐപിഎല്ലിൽ നിന്നുണ്ടാകുന്നുണ്ട്. 2024ഃൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 600 കോടി ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ട്.
ആദ്യ വർഷം തന്നെ ദശലക്ഷക്കണക്കിന് ഡോളർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാൻ ഐപിഎല്ലിനായി. 2008 ജനുവരി 24 ന് ഐപിഎല്ലിന്റെ ആദ്യ ലേലം നടന്നപ്പോൾ, ഫ്രാഞ്ചൈസിയുടെ ആകെ അടിസ്ഥാന മൂല്യം 40 കോടി ഡോളറായിരുന്നു. ഉദ്ഘാടനത്തിന് എട്ട് ടീമുകളാണുണ്ടായിരുന്നത്.
ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ജയ്പുർ, മൊഹാലി. വിജയ് മല്യയുടെ യുബി ഗ്രൂപ്പ് 111.6 മില്യൺ ഡോളറിന് ബാംഗ്ലൂർ വാങ്ങിയപ്പോൾ, ബോളിവുഡ് നടി പ്രീതി സിന്റയും ബിസിനസ്സ് ടൈക്കൂൺ നെസ് വാഡിയയും 76 മില്യൺ ഡോളറിനാണ് മൊഹാലി ടീം വാങ്ങിയത്.
ചെന്നൈ ടീമിനെ ഇന്ത്യ സിമന്റ്‌സ് 91 മില്യൺ ഡോളറിനാണ് വാങ്ങിയത്. കൊൽക്കത്ത ടീം ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ, നടി ജൂഹി ചൗള, ഭർത്താവ് ജയ് മേത്ത എന്നിവർ 75.09 മില്യൺ ഡോളറിന് സ്വന്തമാക്കി.
ഡെക്കാൻ ക്രോണിക്കിൾ ഹൈദരാബാദ് ടീമിന് 107 മില്യൺ ഡോളറും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മുംബൈ ടീമിന് 111.9 മില്യൺ ഡോളറും നൽകി.
ഡൽഹി ടീമിനെ ജിഎംആർ ഹോൾഡിംഗ്സ് 84 മില്യൺ ഡോളറിനും ജയ്പൂർ ടീമിനെ യുകെ ആസ്ഥാനമായുള്ള കമ്പനിയായ എമർജിംഗ് മീഡിയ 67 മില്യൺ ഡോളറിനുമാണ് വാങ്ങിയത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡിഎൽഎഫ് 200 കോടി രൂപ ലേലത്തിലാണ് ടൈറ്റിൽ സ്പോൺസറായത്. പെപ്സികോ അഞ്ച് വർഷത്തേക്ക് 397 കോടി രൂപയ്ക്കാണ് ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്.
സ്മാർട്ട്ഫോൺ കമ്പനിയായ വിവോ, വോഡഫോൺ, യെസ് ബാങ്ക്, സ്റ്റാർ പ്ലസ്, കിംഗ്ഫിഷർ, ജിയോ തുടങ്ങിയ സ്പോൺസർമാരും വലിയ തുക ഐപിഎല്ലിലേക്ക് ഒഴുക്കുന്നുണ്ട്.