
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതായി വ്യവസായ നിയമ കയര്‍ മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 27,158 കോടി രൂപ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി രൂപ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് (ഐകെജിഎസ്) വഴിയും ഏകദേശം 15,000 കോടി രൂപ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. ഇതില്‍ മിക്ക പദ്ധതികളുടെയും നിര്‍മ്മാണം ആരംഭിച്ചതായും ബാക്കി പദ്ധതികള്‍ നിര്‍മ്മാണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ കേരളത്തിന് ലഭിച്ചു. അത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഐകെജിഎസിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. ഭൂമി ലഭ്യമായതിന്‍റെ 40 ശതമാനത്തോളം പദ്ധതികളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്.
കേരളത്തിന്‍റെ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ രാജ്യത്ത് തുടര്‍ച്ചയായി ഒന്നാമതെത്താന്‍ കേരളത്തിനായി. രാജ്യത്ത് ആദ്യമായി ഇഎസ്ജി വ്യവസായ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.
ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ കേരളത്തിന് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിടാന്‍ സഹായിച്ചതിലെ പ്രധാന ഘടകം ഇഎസ്ജി നയമാണ്. ലോജിസ്റ്റിക്സ്, കയറ്റുമതി, ഗ്രാഫീന്‍ നയങ്ങള്‍ കേരളത്തിന് നടപ്പാക്കാന്‍ സാധിച്ചതും ഇതിലൂടെയാണ്.
കേരളത്തിന്‍റെ സംരംഭകവര്‍ഷം പദ്ധതിക്ക് പ്രധാനമന്ത്രിയുടെയും അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെയും (എഎസ്പിഎ) അംഗീകാരം ലഭിക്കുകയുണ്ടായി. മൂന്ന് സംരംഭകവര്‍ഷം കഴിഞ്ഞപ്പോള്‍ 4,06,606 പുതിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു.
ഇതിലൂടെ 27,158.64 കോടി നിക്ഷേപവും 8,66,162 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ സുസ്ഥിര വളര്‍ച്ചയ്ക്കായി നടപ്പാക്കിയ മിഷന്‍ 1000, മിഷന്‍ 100000 പദ്ധതികള്‍ ശ്രദ്ധേയമാണ്. 6,677 കോടി രൂപയുടെ നിക്ഷേപം കിന്‍ഫ്ര വഴി വന്നു.
കെ-സ്വിഫ്റ്റ് ഏകജാലക ക്ലിയറന്‍സ് സംവിധാനം നടപ്പിലാക്കിയത് സംസ്ഥാനത്തെ വ്യവസായ-നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിന് സഹായകമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായി ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് പിഴ ഏര്‍പ്പെടുത്തി പരാതി പരിഹാര സംവിധാനം നടപ്പിലാക്കിയത് കേരളമാണ്.
നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് സൂക്ഷ്മ ചെറുകിട ഇടത്തരം വിഭാഗത്തില്‍പെടുന്ന നിക്ഷേപമാണെങ്കില്‍ മൂന്നര വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ അപ്രൂവല്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന സംവിധാനം നടപ്പിലാക്കി. ചെറുകിട വ്യവസായങ്ങള്‍ക്ക് കെഎസ്ഐഡിസി വഴി 1200 കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞു. കെഎസ്ഐഡിസിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ മലബാര്‍ മേഖലയ്ക്കായി സോണല്‍ ഓഫീസ് തുടങ്ങി. എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി.
51 സ്വകാര്യ വ്യവസായ പാര്‍ക്കുകളിലൂടെ ഏകദേശം 560 ഏക്കര്‍ സ്ഥലം കേരളത്തിന്‍റെ വ്യവസായ മേഖലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതില്‍ 10 എണ്ണം പ്രവര്‍ത്തനമാരംഭിച്ചു. ബാക്കിയുള്ളവ ഉദ്ഘാടനത്തിന് സജ്ജമായി. 11 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി.
പാലക്കാട് ഇന്‍ഡസ്ട്രിയില്‍ സ്മാര്‍ട്ട് സിറ്റി സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുമായി. നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
പൊതുമേഖലയില്‍ നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്‍റ് ബോര്‍ഡ് കൊണ്ടുവന്നു.
ഈ വര്‍ഷത്തെ കണക്കെടുത്താല്‍ 25 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കേരള പേപ്പര്‍ പ്രോഡക്ട്സിന്‍റെ പ്രവര്‍ത്തനം ലാഭത്തിലായി. അതിന്‍റെ വിപുലീകരണത്തിനായി 741 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 400 കോടി രൂപ മുതല്‍മുടക്കിലുള്ള കേരള റബ്ബര്‍ ലിമിറ്റഡ്സ് ഉദ്ഘാടനം ചെയ്തു.
ഇതിന് 480 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കുള്ള വിഹിതം ഇതിനകം ലഭിച്ചു. 3000 കോടി രൂപ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കെല്‍ട്രോണ്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടേണ്‍ ഓവറുള്ള സ്ഥാപനമായി മാറിയത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. ഏറെക്കാലമായി പ്രവത്തനമില്ലാതിരുന്ന പെരുമ്പാവൂര്‍ റയോണ്‍സിലെ ഇലക്ടോണിക്സ് കമ്പനി ആരംഭിക്കാനും മുളങ്കുന്നത്തുകാവിലെ കെല്‍ട്രോണ്‍ ഭൂമി പ്രയോജനപ്പെടുത്തി പുതിയ സംരംഭം ആരംഭിക്കാനുമായി.
പരമ്പരാഗത വ്യവസായ മേഖലയില്‍ ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. കയര്‍ മേഖലയ്ക്കായി കോണ്‍ക്ലേവ് സംഘടിപ്പിച്ചതിന്‍റെ ഭാഗമായി റിവോള്‍വിംഗ് ഫണ്ട് നടപ്പിലാക്കി.
കൈത്തറി ക്ലസ്റ്ററുകള്‍, ഈറ്റ തൊഴിലാളികള്‍ക്ക് വര്‍ദ്ധിപ്പിച്ച വേജ് ഇന്‍സെന്‍റീവ്, കശുവണ്ടി മേഖലയ്ക്ക് പുനഃരുദ്ധാരണ, പുനഃരുജ്ജീവന പാക്കേജുകള്‍, കോട്ടണ്‍ ബോര്‍ഡ് രൂപീകരിച്ചതിലൂടെ മില്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, രാജ്യത്തെ ആദ്യ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ്, തോട്ടം തൊഴിലാളികള്‍ക്ക് ലയം പദ്ധതി എന്നിവയും നേട്ടങ്ങളില്‍പെടുന്നു.
വെളിച്ചെണ്ണയ്ക്കു പുറമേ കേരള ബ്രാന്‍ഡില്‍ 10 പുതിയ ഉല്‍പന്നങ്ങളെ ഉള്‍പ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പിന്‍റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന കൈപുസ്തകം മന്ത്രി പ്രകാശനം ചെയ്തു.






