
കൊച്ചി: ബയോഫ്യൂവലുകള്‍ക്ക് പ്രചാരം കൂടുന്നതിനാല്‍ പ്രതിവർഷം 50,000 കോടി രൂപയുടെ എത്തനോള്‍ ഉത്പാദനം ആവശ്യമാകുന്ന സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സെൻട്രിയല്‍ ബയോഫ്യുവല്‍സ് ചെയർമാനും മുൻ ഡി.ജി.പിയുമായ ടോമിൻ തച്ചങ്കരി അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ നടന്ന ബയോഫ്യൂവല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യം കണക്കിലെടുത്താണ് മലയാളി സംരംഭകരുടെ നേതൃത്വ്യത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ ഗോവയിലെ നവേലിം ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഒരു ഫാക്ടറി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബയോഫ്യൂവല്‍ രംഗത്തെ സാദ്ധ്യതകളും സാങ്കേതികവശങ്ങളും ബയോഫ്യൂവല്‍ കൂട്ടായ്മയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ബയോഫ്യൂവല്‍ വ്യവസായം ഇന്ത്യയുടെ സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ അനന്തസാദ്ധ്യതകളാണ് നല്‍കുന്നതെന്നും ചർച്ചകളില്‍ പങ്കെടുത്തവർ പറഞ്ഞു.
സെൻട്രിയല്‍ ബയോഫ്യൂവല്‍ ഗോവയില്‍ ആരംഭിക്കുന്ന യൂണിറ്റില്‍ ധാന്യാധിഷ്ഠിതമായാണ് എത്തനോള്‍ ഉത്പാദിപ്പിക്കുന്നത്. കരിമ്പില്‍ നിന്നും എത്തനോള്‍ ഉത്പാദിപ്പിക്കാം. ധാന്യങ്ങളും കരിമ്പും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ വർഷം മുഴുവൻ ആവശ്യകത നിലനില്‍ക്കുന്നതിനാല്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാകും.
ബയോഫ്യൂവലുകളുടെ മെച്ചം
പെട്രോളിയം ഉത്പന്നങ്ങളില്‍ 20 ശതമാനം എത്തനോള്‍ കലർത്തി ഉപയോഗിക്കുമ്പോള്‍ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറച്ച് വിദേശ നാണയം ലാഭിക്കാനാകും.
ക്രൂഡോയില്‍ അധിഷ്‌ഠിത പെട്രോളിയം ഉത്‌പന്നങ്ങള്‍ വൻതോതില്‍ കാർബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതിനാല്‍ അന്തരീക്ഷമലിനീകരണം കൂടുതലാണ്.