
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖല തിളങ്ങുന്നു. ഈ രംഗത്തെ നൂതന സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം ഒഴുകുന്നു. തദ്ദേശീയമായി വികസിപ്പിക്കുന്ന സൈനിക ഉപകരണങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും ഡിമാൻഡ് ഉയരുകയാണ്.
ഡ്രോണുകൾ മുതൽ സാറ്റലൈറ്റ് വരെയുള്ള അത്യാധുനിക സംവിധാനങ്ങൾക്കായി ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾ സ്വകാര്യ സ്റ്റാർട്ടപ്പുകളിലേക്ക് തിരിയുന്നു.
അടുത്ത കാലം വരെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ ആധിപത്യം പുലർത്തിയിരുന്ന മേഖലയിലേക്ക് ഇപ്പോൾ വെഞ്ച്വർ കാപിറ്റൽ മൂലധനം ഒഴുകുകയാണ്. ഇന്ത്യൻ അണ്ടർവാട്ടർ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ഐറോവ് ആണ് ഉദാഹരണം.
അടുത്തിടെ നാവികസേനയിൽ നിന്ന് 47 കോടി രൂപയുടെ കരാറാണ് കമ്പനി നേടിയത്. ഈ രംഗത്തെ വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ശ്രമിക്കുന്നത് തദ്ദേശീയമായ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് ഗുണമാകും.
2017 ൽ സ്ഥാപിച്ച കമ്പനി ഈ രംഗത്തെ പുതിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.ഡ്രോണുകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, അഡ്വാൻസ്ഡ് ഒപ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ ഈ രംഗത്തുണ്ട്. ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക മേഖലയിലെ മുന്നേറ്റത്തിന് സംഭാവന നൽകുന്ന സ്റ്റാർട്ടപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രമുഖ ഡ്രോൺ നിർമ്മാതാക്കളായ ഐഡിയഫോർജ്, നൈറ്റ് വിഷൻ, സർവൈലൻസ് ഒപ്റ്റിക്സ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ടോൺബോ ഇമേജിംഗ്, ആന്റി-ഡ്രോൺ സിസ്റ്റങ്ങൾക്ക് പേരുകേട്ട ബിഗ് ബാംഗ് ബൂം സൊല്യൂഷൻസ് എന്നിവയും മുൻനിര കമ്പനികളിൽ ഉൾപ്പെടുന്നു.






